അഭിറാം മനോഹർ|
Last Modified ഞായര്‍, 14 ജനുവരി 2024 (15:09 IST)
കെ എല്‍ രാഹുലിനെ ഇനി ഇന്ത്യയുടെ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പറുടെ റോളിലേക്ക് പരിഗണിക്കേണ്ടെന്ന് തീരുമാനം. രാഹുലിനെ ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ മാത്രം കളിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ യുവതാരമായ ധ്രുവ് ജുരലിനെ ബാക്കപ്പ് കീപ്ായി ഉള്‍പ്പെടുത്തി. കെ എസ് ഭരതായിരിക്കും ഇതോടെ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പറാവുക.
ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 101 റണ്‍സ് നേടി രാഹുല്‍ കയ്യടി വാങ്ങിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ജനുവരി 25ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവില്ല. പന്തുകള്‍ കുത്തിതിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ടെസ്റ്റിന് സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ തന്നെ അനിവാര്യമാണ് എന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാര്‍. ഇതോടെയാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പറായി യുവതാരം ധ്രുവ് ജുരലിന് വിളിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനായി 15 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 46.47 ശരാശരിയില്‍ ഒരു സെഞ്ചുറിയും 5 ഫിഫ്റ്റികളും സഹിതം 790 റണ്‍സാണ് ജുരെല്‍ നേടിയത്. ഇഷാന്‍ കിഷന്‍ മടങ്ങിയെത്തിയാല്‍ വിക്കറ്റ് കീപ്പര്‍ പോരാട്ടത്തിനായുള്ള പോരാട്ടം കടുക്കും.