അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 ജനുവരി 2024 (15:25 IST)
ഐപിഎല്ലില്‍ ഒരിടയ്ക്ക് വലിയ ചര്‍ച്ചയായ പേരായിരുന്നു ജമ്മു കശ്മീരില്‍ നിന്നുമെത്തിയ പേസ് ബൗളറായ ഉമ്രാന്‍ മാലിക്കിന്റേത്. മികച്ച പേസ് സ്വന്തമായുള്ള ഉമ്രാന്‍ ഇന്ത്യന്‍ ബൗളിംഗിന്റെ ഭാവിയാണെന്നും താരത്തെ വളര്‍ത്തിയെടുക്കണമെന്നും പല മുന്‍താരങ്ങളും അഭിപ്രായപ്പെട്ടിരുന്നതാണ്. ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ടീമില്‍ അവസരം ലഭിച്ചിരുന്നെങ്കിലും നിലവില്‍ ഇന്ത്യന്‍ ടീമിന്റെ റഡാറില്‍ ഉമ്രാന്‍ മാലിക് ഇല്ല എന്നുള്ളത് വ്യക്തമാണ്.
ലോകകപ്പിന് മുന്‍പ് നടന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ പോലും ഉണ്ടായിരുന്ന ഉമ്രാന്‍ മാലിക് നിലവില്‍ ഇന്ത്യയുടെ എ ടീമില്‍ പോലും ഇടമില്ലെന്നും എന്താണ് ഉമ്രാന് സംഭവിച്ചതെന്നും
ആകാശ് ചോപ്ര ചോദിക്കുന്നു. ഒരു സമയത്ത് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പോലും അവന്‍ ഉണ്ടാകുമെന്നാണ് കരുതിയത്. മൂന്ന് മാസം കൊണ്ട് അവനെന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. എന്തുകൊണ്ടാണ് അവനെ ഒരു ടീമിലേക്കും പരിഗണിക്കാത്തത്. എന്താണ് ഇവിടെ സംഭവിക്കുന്നത് ആകാശ് ചോപ്ര ചോദിച്ചു. അതേസമയം നിലവില്‍ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനായാണ് താരം കളിക്കുന്നത്. ഹിമാചലിനെതിരായ മത്സരത്തില്‍ കശ്മീരിനായി 7 ഓവര്‍ എറിഞ്ഞിരുന്നെങ്കിലും വിക്കറ്റൊന്നും നേടാന്‍ താരത്തിനായിരുന്നില്ല. മഴയും വെളിച്ചകുറവും മൂലം ഹിമാചലിന്റെ ആദ്യ ഇന്നിങ്ങ്‌സ് പോലും പൂര്‍ത്തിയാക്കാനാവാതെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.