രേണുക വേണു|
Last Modified ശനി, 6 ഡിസംബര്‍ 2025 (13:52 IST)
KL Rahul: തുടര്‍ച്ചയായ ടോസ് നഷ്ടത്തില്‍ നിരാശനായ ഇന്ത്യന്‍ നായകന്‍ കെ.എല്‍.രാഹുല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കോയിന്‍ ടോസ് ചെയ്തത് ഇടംകൈ കൊണ്ട്. ഏകദിനത്തില്‍ തുടര്‍ച്ചയായി 20 തവണ ടോസ് നഷ്ടമായ ഇന്ത്യക്ക് രാഹുലിന്റെ 'ഇടംകൈ ട്രിക്ക്' ഗുണം ചെയ്തു.
2023 ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം വരെ ഇന്ത്യക്ക് ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി 20 തവണ ടോസ് നഷ്ടമായിരുന്നു. അവസാനമായി ഇന്ത്യക്ക് ഏകദിനത്തില്‍ ടോസ് ലഭിച്ചത് 2023 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനു എതിരെയാണ്.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ ഹെഡ്‌സ് ആണ് കോള്‍ ചെയ്തത്. എന്നാല്‍ ഇന്ത്യക്കു അനുകൂലമായി ടെയ്ല്‍സ് വീണു. ഇതു കണ്ടതും രാഹുല്‍ കളി ജയിച്ചതിനു തുല്യമായ രീതിയില്‍ ആഘോഷപ്രകടനം നടത്തി. ഇന്ത്യന്‍ ആരാധകരും വലിയ ആവേശത്തോടെയാണ് ടോസ് ഭാഗ്യത്തെ സ്വീകരിച്ചത്. ടോസ് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
അതേസമയം രണ്ടാം ഏകദിനത്തിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി പകരം തിലക് വര്‍മ പ്ലേയിങ് ഇലവനില്‍ എത്തി.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ