ഗുജറാത്തിൻ്റെ ഇമ്പാക്ട് പ്ലെയറാണോ? അല്ല ഫിനിഷിംഗ് കണ്ട് ചോദിക്കുന്നതാണ്

അഭിറാം മനോഹർ| Last Modified ഞായര്‍, 23 ഏപ്രില്‍ 2023 (09:27 IST)
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലേറ്റ തോൽവിക്ക് പിന്നാലെ ലഖ്നൗ നായകൻ കെ എൽ രാഹുലിനെ നിർത്തിപൊരിച്ച് ആരാധകർ. മത്സരത്തിൽ 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസുണ്ടായിരുന്ന ലഖ്നൗവിന് അടുത്ത 39 പന്തിൽ നിന്നും വിജയിക്കാനായി വേണ്ടിയിരുന്നത് വെറും 31 റൺസ് മാത്രമായിരുന്നു. എന്നാൽ തുടർന്നുള്ള ഓവറുകളിൽ ടീം നായകൻ കെ എൽ രാഹുലും പിറകെ സ്റ്റോയ്നിസും നിക്കോളാസ് പുരനുമടക്കമുള്ള ഹിറ്റർമാരും വരാനിരിക്കെ 7 റൺസിനാണ് ലഖ്നൗ പരാജയപ്പെട്ടത്.

മത്സരത്തിലെ ആദ്യ 6 പന്തുകളിൽ റൺസൊന്നുമെടുക്കാതെ തുടർന്ന കെ എൽ രാഹുൽ പിന്നീട് സ്കോറിംഗ് വേഗത കൂട്ടി ട്രാക്കിലെത്തിയിരുന്നു. പതിവിൽ നിന്നും വിപരീതമായി രാഹുൽ റൺസുകൾ നേടിതുടങ്ങിയതോടെ ലഖ്നൗ അനായാസമായ വിജയം പ്രതീക്ഷിച്ചെങ്കിലും മത്സരത്തിൻ്റെ അവസാന ഘട്ടത്തിൽ വീണ്ടും റൺസുകൾ കണ്ടെത്തുന്നതിൽ രാഹുൽ വിഷമിച്ചു.

ജയിക്കാൻ 36 പന്തുകളിൽ 31 റൺസ് വേണമെന്നിരിക്കാൻ പതിനഞ്ചാം ഓവറിൽ ഒരു റൺസും പതിനാറാം ഓവറിൽ 3 റൺസും പതിനേഴാം ഓവറിൽ 4 റൺസും പതിനെട്ടാം ഓവറിൽ 6 റൺസും പത്തൊമ്പതാം ഓവറിൽ 5 റൺസുമാണ് ലഖ്നൗ നേടിയത്. ഈ ഘട്ടത്തിലെല്ലാം മത്സരത്തിലെ ആദ്യ പന്ത് മുതൽ ബാറ്റ് ചെയ്ത സെറ്റ് ബാറ്ററായ രാഹുൽ ക്രീസിലുണ്ടായിരുന്നു. എന്നാൽ സ്കോറിംഗ് ഉയർത്തി വിജയിക്കാനുള്ള യാതൊരു ശ്രമങ്ങളും വരാതിരുന്നപ്പോൾ ഒരു ബൗണ്ടറി പോലുമില്ലാതെയാണ് ഈ ഓവറുകൾ കടന്നുപോയത്. ഇരുപതാം ഓവറിലെ രണ്ടാം പന്തിൽ കെ എൽ രാഹുൽ മടങ്ങുമ്പോൾ ഗുജറാത്തിൻ്റെ വിജയം കൂടി ഉറപ്പ് വരുത്തിയായിരുന്നു താരത്തിൻ്റെ മടക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :