അശ്വിനും ഷമിക്കും വരെ അവനേക്കാള്‍ ആവറേജ് ഉണ്ട്; രാഹുലിന്റെ സ്ഥാനം തെറിപ്പിക്കും ഈ കണക്കുകള്‍ !

രേണുക വേണു| Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (11:21 IST)

കെ.എല്‍.രാഹുലിന്റെ ടെസ്റ്റ് കരിയര്‍ അനിശ്ചിതത്വത്തില്‍. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന രാഹുലിന് ഇനിയും അവസരങ്ങള്‍ നല്‍കേണ്ട എന്നാണ് ബിസിസിഐയുടെയും ടീം മാനേജ്‌മെന്റിന്റെയും തീരുമാനം. ഇതിന്റെ ഭാഗമായാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രാഹുലിനെ നീക്കിയത്.

അവസാന പത്ത് ഇന്നിങ്‌സുകളില്‍ ഒരു തവണ പോലും രാഹുല്‍ 30 റണ്‍സില്‍ കൂടുതല്‍ നേടിയിട്ടില്ല. 8, 12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് അവസാന പത്ത് ഇന്നിങ്‌സുകളിലെ രാഹുലിന്റെ സ്‌കോര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും താരം നിരാശപ്പെടുത്തി. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രാഹുല്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യമാണ്.

കഴിഞ്ഞ 12 മാസത്തെ രാഹുലിന്റെ ടെസ്റ്റ് ശരാശരി വെറും 13.57 മാത്രമാണ്. രവിചന്ദ്രന്‍ അശ്വിന്റേത് 37.00 വും മുഹമ്മദ് ഷമിയുടേത് 21.80 വും ! അതായത് ടീമിലെ ബൗളറേക്കാള്‍ കുറവാണ് രാഹുലിന്റെ ശരാശരി. കൗണ്ടി ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുത്ത ശേഷം രാഹുലിനെ ഇനി ഇന്ത്യന്‍ ടീമില്‍ പരിഗണിക്കാമെന്നാണ് ബിസിസിഐ നിലപാട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഇന്ത്യ യോഗ്യത നേടിയാല്‍ ആ ടീമില്‍ രാഹുല്‍ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :