അഭിറാം മനോഹർ|
Last Modified ബുധന്‍, 4 ഡിസംബര്‍ 2024 (15:20 IST)
ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്നതോടെ ചര്‍ച്ചകളില്‍ വീണ്ടും നിറഞ്ഞിരിക്കുകയാണ് യുവതാരമായ പൃഥ്വി ഷാ. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ജേഴ്‌സിയിലും അരങ്ങേറ്റ മത്സരങ്ങളില്‍ സെഞ്ചുറി നേടി വരവറിയിച്ച പൃഥ്വി ഷാ വര്‍ഷങ്ങള്‍ക്കിപ്പുറം അറിയപ്പെടുന്നത് വലിയ പ്രതിഭയുണ്ടായിട്ടും ക്രിക്കറ്റില്‍ എങ്ങുമെത്താതെ പോയ വിനോദ് കാംബ്ലിയുടെ പിന്‍ഗാമിയായാണ്.
ഇപ്പോഴിതാ പൃഥ്വി ഷായുടെ ഈ പതനത്തില്‍ ആശങ്ക അറിയിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരമായിരുന്ന കെവിന്‍ പീറ്റേഴ്‌സണ്‍. പൃഥ്വിയോട് അടുത്ത ബന്ധമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി ക്രിക്കറ്റില്‍ ഫോക്കസ് ചെയ്യാന്‍ അവനെ സഹായിക്കണമെന്നാണ് പീറ്റേഴ്‌സണ്‍ ആവശ്യപ്പെടുന്നത്. സ്‌പോര്‍ട്‌സിലെ പല മഹത്തായ കഥകളും തിരിച്ചുവരവുകളെ പറ്റിയാണ്. പൃഥ്വി ഷാ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ സോധ്യല്‍ മീഡിയയില്‍ നിന്നും പുറത്തുപോകാനും ഫിറ്റ്‌നസിലും കളിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും പറയണം.അത്രയും കഴിവുകളുള്ള താരമാണ്. ആ പ്രതിഭയെ ധൂര്‍ത്തടിക്കരുത്. പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു.