ഉത്തപ്പയും വിഷ്‌ണുവും നിറഞ്ഞാടി, മുഷ്‌താഖ് അലി ടൂർമ്മെന്റിൽ ഡൽഹിയെ ആറ് വിക്കറ്റിന് തകർത്ത് കേരളം

അഭിറാം മനോഹർ| Last Modified വെള്ളി, 15 ജനുവരി 2021 (16:52 IST)
സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂർണമെന്റിൽ വിജയകുതിപ്പ്. ഡൽഹിയെ 6 വിക്കറ്റിനാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. ഡൽഹി മുന്നോട്ട് വെച്ച് 213 റൺസെന്ന വിജയലക്ഷ്യം ഒരോവർ ബാക്കി‌നിൽക്കെയാണ് കേരളം മറികടന്നത്. റോബിന്‍ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും മിന്നും പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്.

മത്സരത്തിൽ കേരളത്തിന്റെ ആദ്യവിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായെങ്കിലും റോബിൻ ഉത്തപ്പയും വിഷ്‌ണു വിനോദും ചേർന്ന കൂട്ടുക്കെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 54 ബോളില്‍ 8 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 91 റൺസെടുത്ത റോബിൻ ഉത്തപ്പയാണ് കേരളത്തിന്റെ ടോപ്പ് സ്കോറർ.വിഷ്ണു വിനോദ് 38 ബോളില്‍ 5 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരുത്തിലാണ് ഡല്‍ഹി 212 റണ്‍സ് അടിച്ചുകൂട്ടിയത്. 48 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും സഹായത്തോടെ ധവാന്‍ 77 റണ്‍സ് അടിച്ചുകൂട്ടി. ലളിത് യാദവും അര്‍ദ്ധ സെഞ്ചറി (52) നേടി. കേരളത്തിന് വേണ്ടി എസ്.ശ്രീശാന്ത് നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കെ.എം ആസിഫും മിഥുനും ഒരോ വിക്കറ്റു വീതം വീഴ്ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :