എവേ മത്സരങ്ങളിലെ പ്രകടനം: ഫാബുലസ് ഫോറിൽ ഏറ്റവും മോശം പ്രകടനം വില്യംസണിന്റേത്

അഭിറാം മനോഹർ| Last Modified വ്യാഴം, 10 ജൂണ്‍ 2021 (17:41 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ജൂൺ 18ന് ആരംഭിക്കുമ്പോൾ മറ്റൊരു വില്യംസൺ-കോലി പോരിന് കൂടിയാണ് ലോകം കാത്തിരിക്കുന്നത്. ആരുടെ തന്ത്രങ്ങളാണ് വിജയിക്കുക എന്നതിനൊപ്പം ലോകക്രിക്കറ്റിൽ തങ്ങളിൽ മികച്ച താരം ആരാണെന്ന് കൂടിയുള്ള മത്സരമായിരിക്കും ഇംഗ്ലണ്ടിൽ നടക്കുക.

നിലവിൽ മികച്ച ഫോമിലുള്ള താരമാണെങ്കിലും എവേ മത്സരങ്ങളിൽ ഫാബുലസ് ഫോറിൽ ഏറ്റവും മോശം നടത്തിയിട്ടുള്ള ബാറ്റ്സ്മാനാണ് എന്നാണ് കണക്കുകൾ പറയുന്നത്.2019ന് ശേഷം ഇതുവരെ 14 ടെസ്റ്റില്‍ നിന്ന് 66.52 ശരാശരിയില്‍ 1264 റണ്‍സാണ് കിവീസ് നായകന്റെ പേരിലുള്ളത്. ഇതില്‍ 9 മത്സരം തട്ടകത്തില്‍ കളിച്ച വില്യംസണ്‍ 116.9 ശരാശരിയില്‍ നേടിയത് 1169 റൺസാണ്.

എന്നാൽ അഞ്ച് എവേ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും നേടിയതാവട്ടെ 95 റൺസ് മാത്രം. ശരാശരി 10.55. 2019ന് ശേഷമുള്ള എവേ മത്സരങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ടിലെ ജോ റൂട്ടുമെല്ലാം എവേ മത്സരങ്ങളിൽ വില്യംസണിനേക്കാൾ ഒരുപാട് മുന്നിലാണ്.നാല് എവേ ടെസ്റ്റില്‍ നിന്ന് 110.6 ശരാശരിയില്‍ 774 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. ഇത് അദ്ദേഹത്തിന്റെ ഹോം ശരാശരിയേക്കാൾ അധികമാണ്.

ജോ റൂട്ട് 15 ടെസ്റ്റില്‍ നിന്ന് 54.5 ശരാശരിയില്‍ 1527 റണ്‍സാണ് എവേ മത്സരങ്ങളില്‍ നേടിയത്. അതേസമയം 2019ന് ശേഷം മോശം ഫോം തുടരുന്ന വിരാട് കോലി ആറ് ടെസ്റ്റില്‍ നിന്ന് 25 ശരാശരിയില്‍ 275 റണ്‍സാണ് ഈ കാലയളവിൽ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :