രേണുക വേണു|
Last Updated:
ചൊവ്വ, 28 നവംബര്‍ 2023 (13:15 IST)
ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതിനു തൊട്ടുപിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി മുംബൈയുടെ മറ്റൊരു താരമായ ജസ്പ്രീത് ബുംറ. രോഹിത് ശര്‍മയ്ക്ക് ശേഷം ബുംറ മുംബൈ ഇന്ത്യന്‍സ് നായകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് രോഹിത്തിനു ശേഷം നായകനാക്കാനുള്ള ലക്ഷ്യത്തില്‍ മുംബൈ ഫ്രാഞ്ചൈസി ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍സി ധാരണയുടെ പുറത്താണ് ഹാര്‍ദിക് മുംബൈയിലേക്ക് വന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ബുംറയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. മാത്രമല്ല മുംബൈ ഇന്ത്യന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ബുംറ അണ്‍ഫോളോ ചെയ്തതായും ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹാര്‍ദിക്കിന്റെ സ്വന്തം തീരുമാനത്തിലാണ് ഫ്രാഞ്ചൈസി വിടുന്നതെന്ന് ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈയിലേക്ക് തിരിച്ചെത്തിയാല്‍ ക്യാപ്റ്റന്‍സി വേണമെന്ന നിലപാട് ഹാര്‍ദിക് അറിയിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റങ്ങളില്‍ ഒന്ന് നടന്നത്. 15 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള കൈമാറ്റം നടന്നത്.
ഫ്രാഞ്ചൈസിയോടുള്ള അടുപ്പത്തിന്റെ പേരിലാണ് 2022 മെഗാ താരലേലത്തിനു മുന്നോടിയായി ജസ്പ്രീത് ബുംറ 12 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍ ഉറച്ചുനിന്നത്. അന്ന് മുംബൈ ബുംറയെ റിലീസ് ചെയ്തിരുന്നെങ്കില്‍ താരലേലത്തില്‍ 15 കോടിക്ക് മുകളില്‍ ഉറപ്പായും സ്വന്തമാക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഫ്രാഞ്ചൈസിക്ക് വേണ്ടി ഇത്രയും വിട്ടുവീഴ്ച ചെയ്തിട്ടും 15 കോടിക്ക് ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ചതിലും ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്തതിലും ബുംറയ്ക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.