വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 5 ഫെബ്രുവരി 2021 (11:50 IST)
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിനൊരു പ്രത്യേകതയുണ്ട്. ഇന്ത്യൻ പേസ് നിരയെ നയിയ്ക്കുന്ന ജസ്പ്രിത് ബുമ്രയുടെ ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റം എന്നതാണ് പ്രത്യേകത. കേൾക്കുമ്പോൾ ഒരു പക്ഷേ അവിശ്വസനീയം എന്ന് തോന്നിയേക്കാം. എന്നാൽ ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ബുമ്ര കളിയ്ക്കുന്നത്. കരിയറിൽ 17 ടെസ്റ്റ് കളിച്ചതിന് ശേഷമാണ് സ്വന്തം രാജ്യത്ത് ഒരു ടെസ്റ്റ് മത്സരം കളിയ്ക്കാൻ ബുമ്രയ്ക്ക് അവസരം ലഭിയ്ക്കുന്നത്.
ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് സ്വന്തമാക്കാനുള്ള അവസരം തലനാരിഴയ്ക്ക് ബുമ്രയിൽനിന്നും അകന്നുപോകുന്ന കാഴ്ചയും മത്സരത്തിൽ കണ്ടു. ബുമ്രയുടെ ആദ്യ പന്ത് ബേർൺസ് ഫൈൻ ലെഗിലേയ്ക്ക് കളിച്ചതോടെ ബോൾ ഋഷഭ് പന്തിന്റെ തൊട്ടരികിൽ എത്തി. എന്നാൽ ഋഷഭ് പന്ത് ഡൈവ് ചെയ്തെങ്കിലും പന്ത് കൈപ്പിടിയിൽ ഒതുക്കാനായില്ല, ഗ്ലൗസിൽ തട്ടി പന്ത് നഷ്ടപ്പെടുകയായിരുന്നു. സ്വന്തം മണ്ണില്‍
ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാന്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ബൗളര്‍ എന്ന റെക്കോർഡ് ഇപ്പോൾ ബുമ്രയുടെ പേരിലാണ്. 12 ടെസ്റ്റുകള്‍ കാത്തിരുന്ന ജവഗല്‍ ശ്രീനാഥിന്റെ പേരിലായിരുന്നു റെക്കോർഡ്. 17 മത്സരങ്ങൾ കാത്തിരുന്നതോടെ ഇത് ബുമ്രയുടെ പേരിലായി. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങളും ഈ മത്സരത്തിൽ ഇന്ത്യൻ മണ്ണിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചിരിയ്ക്കുകയാണ്