വില്ലനായത് പുറംവേദന, നേരെ നില്‍ക്കാന്‍ പോലും വയ്യ; ബുംറയ്ക്ക് സംഭവിച്ചത്

രേണുക വേണു| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (15:46 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറ പുറത്തിരുന്നപ്പോള്‍ ആരാധകര്‍ക്ക് എന്തോ പന്തികേട് മണത്തതാണ്. ബുംറയുടെ ക്രിക്കറ്റ് കരിയറിലേക്ക് വില്ലനായി വീണ്ടും പരുക്ക് എത്തിയോ എന്നതായിരുന്നു ആരാധകരുടെ ആശങ്ക. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ശക്തമായ പുറംവേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 ബുംറ കളിച്ചില്ല. അടുത്ത രണ്ട് കളികളിലും ബുംറ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായി. എന്നാല്‍ ആ സന്തോഷവും പൊലിഞ്ഞു !

ജസ്പ്രീത് ബുംറ ട്വന്റി 20 ലോകകപ്പ് കളിക്കാനും ഉണ്ടാകില്ല. പുറംവേദനയാണ് ഇത്തവണ വില്ലനായി എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനു ഇറങ്ങിയപ്പോഴാണ് ബുംറയ്ക്ക് പരുക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. പരിശീലനം പൂര്‍ത്തിയാക്കി എല്ലാ താരങ്ങളും ഹോട്ടല്‍ മുറിയിലേക്ക് ബസില്‍ പോയപ്പോള്‍ ബുംറ മാത്രം കാറിലാണ് തിരിച്ചുപോയത്. ശക്തമായ പുറംവേദനെ തുടര്‍ന്നായിരുന്നു ഇത്.

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ താരം. നാല് ആഴ്ചയോളം ബുംറയ്ക്ക് പൂര്‍ണ്ണമായി വിശ്രമം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരില്ലെങ്കിലും നാല് മുതല്‍ ആറ് ആഴ്ച വരെ താരത്തിനു വിശ്രമം വേണ്ടിവരുമെന്നും അതിനാല്‍ ലോകകപ്പ് നഷ്ടമായേക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :