അഭിറാം മനോഹർ|
Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (14:57 IST)
കഴിഞ്ഞ ദിവസമാണ് ബിസിസിഐ താരങ്ങള്‍ക്കുള്ള വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചത്. ബിസിസിഐ നിര്‍ദേശത്തെ അവഗണിച്ച് രഞ്ജി ക്രിക്കറ്റില്‍ നിന്നും മാറിനിന്ന ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇരുതാരങ്ങളെയും ഒഴിവാക്കിയത് ധീരമായ നടപടിയാണെന്ന് ആരാധകരില്‍ നിന്നും പ്രതികരണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഹാര്‍ദ്ദിക്കിനെതിരെ മാത്രം നടപടിയില്ലെന്ന് ചോദിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പത്താന്‍.
ഇന്ത്യയ്ക്കായി റെഡ് ബോള്‍ കളിക്കാന്‍ തയ്യാറല്ലാത്ത താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയെന്നും അവരെ പോലുള്ള താരങ്ങള്‍ ഇന്ത്യന്‍ മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ ആഭ്യന്തര ലീഗ് കളിക്കണമോ എന്നത് ബിസിസിഐ വ്യക്തമാക്കണമെന്ന് ഇര്‍ഫാന്‍ പറയുന്നു. നിയമം എല്ലാവര്‍ക്കും ബാധകമല്ലെങ്കില്‍ ഈ നടപടികള്‍ കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.