അഭിറാം മനോഹർ|
Last Modified ഞായര്‍, 17 മാര്‍ച്ച് 2024 (16:25 IST)
ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോള്‍ ഇത്തവണ ഐപിഎല്ലിനെ ആകാംക്ഷയോടെ കാത്തിരിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു കാരണവുമുണ്ട്. ഐപിഎല്‍ അവസാനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തീരുമാനിക്കുന്നതില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ വലിയ പങ്കായിരിക്കും ഇത്തവണ വഹിക്കുന്നത്.
ടീമിലെ പ്രധാനതാരങ്ങള്‍ ആരെല്ലാമെന്ന കാര്യത്തില്‍ ധാരണയായെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആര് ടീമില്‍ ഇടം നേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തുന്ന റിഷഭ് പന്തിന് മുതല്‍ മലയാളി താരമായ സഞ്ജു സാംസണിന് വെരെ ഇത്തവണ ലോകകപ്പ് ടീമിലിടം നേടാനുള്ള സാധ്യതകള്‍ മുന്നിലുണ്ട്. ഇത്തവണ ടീമിലെ സഹതാരമായ ധ്രുവ് ജുറലിനോടും സഞ്ജു മത്സരിക്കേണ്ടതായുണ്ട്.
ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ,റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ തുടങ്ങി വേറെയും എതിരാളികള്‍ സഞ്ജുവിനുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ ഇവര്‍ക്കൊപ്പം നില്‍ക്കാവുന്ന പ്രതിഭയുള്ള താരമാണ് സഞ്ജു. മധ്യനിരയില്‍ രാജസ്ഥാനായി നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ സഞ്ജുവിന് വാതില്‍ തുറക്കപ്പെടും.