ഐപിഎല്ലിൽ സഞ്ജുവിന് എട്ടിന്റെ പണി, രണ്ടാം പാദത്തിൽ കളിക്കാനില്ലെന്ന് ബട്ട്‌ലർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (21:31 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദമത്സരങ്ങൾ സെപ്‌റ്റംബർ 19ന് പുനരാരംഭിക്കാനിരിക്കെ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് കടുത്ത തിരിച്ചടി. രാജസ്ഥാന്റെ ബാറ്റിങ് നെടന്തൂണായ ജോസ് ബട്ട്‌ലർ രണ്ടാം പാദ മത്സരങ്ങളിൽ കളിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇംഗ്ലണ്ട് താരമായ ജോസ് ബട്‌ലര്‍ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം പാദം കളിക്കാനുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ഐപിഎൽ സമയത്ത് ഇം‌ഗ്ലണ്ടിന് അന്താരാഷ്ട്ര മത്സരമുണ്ടെന്നും ഐപിഎല്ലിനേക്കാൾ പ്രാധാന്യം അതിനാണ് നൽകുന്നതെന്നും ബട്ട്‌ലർ പറഞ്ഞു. ഐപിഎല്ലിനനുസരിച്ച് ക്രിക്കറ്റ് ഷെഡ്യൂൾ മാറ്റില്ലെന്ന് നേരത്തെ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

‌മത്സരങ്ങളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മുന്നോട്ട് പോവുകയാണെങ്കിൽ അത് ഏറ്റവും ബാധിക്കുക സഞ്ജു നയിക്കുന്ന രാജസ്ഥൻ റോയൽസിനെയായിരിക്കും. ജോഫ്രെ ആർച്ചർ, ബെൻ സ്റ്റോക്‌സ്,ബട്ട്‌ലർ,ലിവിൻസ്റ്റൺ തുടങ്ങി രാജസ്ഥാന്റെ പ്രധാനവിദേശതാരങ്ങളെല്ലാം തന്നെ ഇംഗ്ലണ്ടുകാരാണ്.

ഇംഗ്ലണ്ടിനെക്കൂടാതെ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ താരങ്ങളുടെ പങ്കാളിത്തവും സംശയമാണ്.ഇതോടെ ഐപിഎൽ മത്സരങ്ങളുടെ പകിട്ട് കുറയുമെന്ന് ഉറപ്പായിരിക്കുകയാണ്.സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയിൽ ആയിരിക്കും ഐപിഎൽ മത്സരങ്ങൾ നടക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :