രേണുക വേണു|
Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (08:09 IST)
Rohit Sharma: രോഹിത് ശര്‍മയുടെ ഫോംഔട്ടില്‍ നിരാശരായി മുംബൈ ഇന്ത്യന്‍സ് ആരാധകരും. ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയിരുന്ന രോഹിത് ഇപ്പോള്‍ വളരെ മോശം ഫോമിലാണ്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ തോല്‍വി വഴങ്ങിയപ്പോള്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സും വലിയ ചര്‍ച്ചയായി. പത്ത് ബോളില്‍ വെറും ഒരു റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.
ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് അധപതിച്ചു എന്നാണ് മുംബൈ ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്. കഴിഞ്ഞ സീസണിലും രോഹിത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ഈ സീസണോട് കൂടി രോഹിത് ഐപിഎല്ലില്‍ നിന്ന് പുറത്താകുമെന്നാണ് നിരവധിപേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
രോഹിത്തിന്റെ കഴിഞ്ഞ 22 ഐപിഎല്‍ ഇന്നിങ്‌സുകള്‍ എടുത്താല്‍ അതില്‍ ഒന്നില്‍ പോലും അര്‍ധ സെഞ്ചുറിയില്ല. 2021 ലാണ് രോഹിത് അവസാന അര്‍ധ സെഞ്ചുറി നേടിയത്. നിരവധി കളികളില്‍ ഒറ്റയക്കത്തിനു പുറത്താകുകയും ചെയ്തു. ഇങ്ങനെ നാണംകെട്ട് കളിക്കുന്നതിലും നല്ലത് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതാണെന്ന് രോഹിത് ആരാധകര്‍ അടക്കം അഭിപ്രായപ്പെടുന്നു. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ രോഹിത് അല്‍പ്പം പോലും ശ്രദ്ധിക്കുന്നില്ലെന്നും അത് കളിയെ ബാധിച്ചിട്ടുണ്ടെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.