യുവരാജ് സിംഗ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

  yuvraj singh , indian cricket , team india , BCCI , യുവരാജ് സിംഗ് , ഇന്ത്യന്‍ ക്രിക്കറ്റ് , ലോകകപ്പ് , വിരമിക്കല്‍
മുംബൈ| Last Updated: തിങ്കള്‍, 10 ജൂണ്‍ 2019 (14:28 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടന്മാരിൽ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ട്വന്റി- 20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും. 17 വർഷത്തോളം നീണ്ട കരിയറിനൊടുവിൽ 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെയണ് അവസാന ഏകദിനം കളിച്ചത്.

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി- 20
മൽസരങ്ങളും കളിച്ചിട്ടുണ്ട്. 2000ൽ നയ്റോബിയിൽ കെനിയയ്ക്കെതിരായ ഏകദിന മൽസരത്തിലൂടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം.

304 ഏകദിനങ്ങളിൽനിന്ന് 36.55 റണ്‍ ശരാശരിയിൽ 8701 റൺസാണ് സമ്പാദ്യം. 14 സെഞ്ചുറികളും 52 അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 150 റൺസാണ് ഉയർന്ന സ്‌കോര്‍. ഇത്രയും മൽസരങ്ങളിൽനിന്ന് 111 വിക്കറ്റും സ്വന്തമാക്കി. 31 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 94 ക്യാച്ചും നേടിയിട്ടുണ്ട്.

40 ടെസ്റ്റുകളിൽനിന്ന് 33.92 റൺ ശരാശരിയിൽ 1900 റൺസും നേടി. മൂന്നു സെഞ്ചുറിയും 11 അർധസെഞ്ചുറികളും സഹിതമാണിത്. ഒമ്പത് വിക്കറ്റുകളും 31 ക്യാച്ചും ടെസ്റ്റ് കരിയറിനു തിളക്കമേറ്റുന്നു.

ട്വന്റി- 20യിൽ 58 മൽസരങ്ങളിൽനിന്ന് 28.02 റൺ ശരാശരിയിൽ 1177 റൺസാണ് സമ്പാദ്യം. ഉയർന്ന സ്കോർ പുറത്താകാതെ നേടിയ 77 റൺസ്. 31 വിക്കറ്റും 12 ക്യാച്ചും ട്വന്റി- 20യിൽ സ്വന്തമായുണ്ട്. 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :