അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 മെയ് 2024 (14:40 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ താരവുമായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ കോച്ചാകാനില്ലെന്ന് വ്യക്തമാക്കിയതോടെ ആരെല്ലാം പരിശീലന സ്ഥാനത്തിനായി അപേക്ഷ നല്‍കിയതെന്ന കാര്യത്തില്‍ ഇതുവരെയും ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടീം പരിശീലകനാക്കാന്‍ ബിസിസിഐയ്ക്ക് താത്പര്യമുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യന്‍ പരിശീലകരില്‍ ഗംഭീറിന്റെ പേര് മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനാകാന്‍ ഗംഭീര്‍ ബിസിസിഐയ്ക്ക് മുന്നില്‍ ചില ഉപാധികള്‍ മുന്നോട്ട് വെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 3 വര്‍ഷക്കാലത്തെ കരാറാണ് ബിസിസിഐ മുന്നോട്ട് വെയ്ക്കുന്നത്. ടീമിനൊപ്പം വര്‍ഷത്തില്‍ 10 മാസമെങ്കിലും തുടരണമെന്നതിനാല്‍ വിദേശപരിശീലകരും കോച്ചിംഗ് സ്ഥാനത്തിനായി താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ടി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ പരിശീലന കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. വിവിഎസ് ലക്ഷ്മണെ കോച്ച് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ദേശീയ അക്കാദമി തലവനായി തുടരാനാണ് താത്പര്യമെന്ന് ലക്ഷ്മണ്‍ അറിയിക്കുകയായിരുന്നു.