Rahul Dravid: രാഹുല്‍ ദ്രാവിഡിന്റെ കാലാവധി നീട്ടില്ല; പുതിയ പരിശീലകനെ തേടാന്‍ ബിസിസിഐ

പുതിയ പരിശീലകനെ മൂന്ന് വര്‍ഷത്തേക്കാണ് നിയോഗിക്കുക

രേണുക വേണു| Last Modified വെള്ളി, 10 മെയ് 2024 (12:47 IST)

Rahul Dravid: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനു വേണ്ടി പരസ്യം നല്‍കാന്‍ ബിസിസിഐ. നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനെ തേടാന്‍ ബിസിസിഐ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. പുതിയ പരിശീലകനു വേണ്ടി ഉടന്‍ പരസ്യം ചെയ്യുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മുംബൈയില്‍ പറഞ്ഞു.

' ജൂണ്‍ വരെയാണ് രാഹുലിന്റെ കാലാവധി. പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നല്‍കണമെങ്കില്‍ രാഹുലിന് അത് ചെയ്യാം,' ജയ് ഷാ പറഞ്ഞു. രാഹുലിന്റെ കാലാവധി നീട്ടില്ലെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ജയ് ഷാ. വിദേശ പരിശീലകനെ പരിഗണിക്കാനും സാധ്യതയുണ്ടെന്ന് ജയ് ഷാ സൂചന നല്‍കി. അതേസമയം വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത പരിശീലകര്‍ എന്ന രീതി കൊണ്ടുവരില്ലെന്നും ജയ് ഷാ വ്യക്തമാക്കി.

പുതിയ പരിശീലകനെ മൂന്ന് വര്‍ഷത്തേക്കാണ് നിയോഗിക്കുക. പുതിയ പരിശീലകനെ തീരുമാനിച്ച ശേഷം മാത്രമായിരിക്കും ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ അടക്കമുള്ള പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കുകയെന്നും ഷാ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :