ബുംറ ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പതിനൊന്നാമത്തെ ക്യാപ്റ്റന്‍; ആദ്യ പത്ത് ക്യാപ്റ്റന്‍മാര്‍ ഇവരൊക്കെ

രേണുക വേണു| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (13:07 IST)

അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ട്വന്റി 20 പരമ്പര ഇന്നുമുതല്‍ ആരംഭിക്കുകയാണ്. ജസ്പ്രീത് ബുംറയാണ് മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പതിനൊന്നാമത്തെ ക്യാപ്റ്റനാകുകയാണ് ബുംറ. മുന്‍പ് ക്യാപ്റ്റനായ 10 പേര്‍ ആരൊക്കെയാണെന്ന് നോക്കാം...

വിരേന്ദര്‍ സെവാഗാണ് ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ആദ്യ നായകന്‍. 2006 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ട്വന്റി 20 മത്സരം. അന്നത്തെ സ്ഥിര നായകന്‍ ആയിരുന്ന രാഹുല്‍ ദ്രാവിഡ് ഈ ട്വന്റി 20 മത്സരത്തില്‍ കളിച്ചിട്ടില്ല. ദ്രാവിഡിന്റെ അഭാവത്തിലാണ് അന്ന് സെവാഗ് ഇന്ത്യയെ നയിച്ചത്. ഈ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു.

മഹേന്ദ്ര സിങ് ധോണിയാണ് പട്ടികയില്‍ രണ്ടാമന്‍. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ആദ്യ സ്ഥിര നായകന്‍ കൂടിയാണ് ധോണി. ധോണിയുടെ കീഴിലാണ് 2007 ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത്. 72 ട്വന്റി 20 മത്സരങ്ങളില്‍ ധോണി ഇന്ത്യയെ നയിച്ചു, അതില്‍ 41 എണ്ണത്തില്‍ വിജയിച്ചു.

2010-11 കാലഘട്ടത്തിലായി ധോണിക്ക് വിശ്രമം അനുവദിച്ച മൂന്ന് ട്വന്റി 20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചത് സുരേഷ് റെയ്‌നയാണ്. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ നായകന്‍. റെയ്‌ന നയിച്ച മൂന്ന് കളിയില്‍ മൂന്നിലും ഇന്ത്യ ജയിച്ചു. 2015 ല്‍ രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ അജിങ്ക്യ രഹാനെ ഇന്ത്യയെ നയിച്ചു. സിംബാബ്വെയ്‌ക്കെതിരായ രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ ജയിക്കുകയും മറ്റൊന്നില്‍ തോല്‍ക്കുകയും ചെയ്തു. ട്വന്റി 20 ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ നാലാമനാണ് രഹാനെ.

വിരാട് കോലിയാണ് ധോണിക്ക് ശേഷം ഇന്ത്യയുടെ സ്ഥിര നായകന്‍ ആയത്. 50 ട്വന്റി 20 മത്സരങ്ങളില്‍ കോലി ഇന്ത്യയെ നയിച്ചു. അതില്‍ 30 എണ്ണത്തിലും വിജയിച്ചു. കോലിക്ക് ശേഷം സ്ഥിര നായകന്‍ ആയത് രോഹിത് ശര്‍മ. 51 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചു, 39 ജയം.

ശിഖര്‍ ധവാന്‍ 2021 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2-1 ന് പരമ്പര ശ്രീലങ്ക സ്വന്തമാക്കി. ഈ പരമ്പരയ്ക്ക് ശേഷം ധവാന്‍ ഇന്ത്യക്കായി ടി 20 കളിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ട്വന്റി 20 പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് അവസാനിച്ചു.

ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ അടുത്ത സ്ഥിര നായകന്‍ ആകാന്‍ സാധ്യതയുള്ളത് ഹാര്‍ദിക് പാണ്ഡ്യയാണ്. 16 ട്വന്റി 20 മത്സരങ്ങളില്‍ ഹാര്‍ദിക് ഇന്ത്യയെ നയിച്ചു, 10 ലും ജയം.

കഴിഞ്ഞ ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കെ.എല്‍.രാഹുല്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഈ കളി ഇന്ത്യ ജയിച്ചു. ഏഷ്യാ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതോടെ പട്ടികയില്‍ പന്ത്രണ്ടാമന്‍ ആകും ഋതുരാജ് ഗെയ്ക്വാദ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :