ഗംഭീറിനു നന്ദി..! ഞങ്ങളുടെ സഞ്ജുവിനെ വിശ്വസിച്ചതിനും പിന്തുണച്ചതിനും

രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും പരിശീലകര്‍ ആയിരുന്ന സമയത്ത് സഞ്ജുവിന് ഇത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല

Sanju Samson
രേണുക വേണു| Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2024 (08:08 IST)
Sanju Samson

ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനു നന്ദി പറഞ്ഞ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ തയ്യാറായ ഗംഭീറിന്റെ നിലപാടിനു കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം മുഴുവനായും. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയതിനു പിന്നാലെയാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഗംഭീറിനു നന്ദി പറഞ്ഞത്.

രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും പരിശീലകര്‍ ആയിരുന്ന സമയത്ത് സഞ്ജുവിന് ഇത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഗംഭീര്‍ എത്തിയതോടെ സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കാനും തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാനും തുടങ്ങി. അതിന്റെ ഫലമാണ് ബംഗ്ലാദേശിനെതിരായ കലക്കന്‍ സെഞ്ചുറിയെന്നാണ് ആരാധകര്‍ പറയുന്നത്.

ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയതാണ്. അതുകൊണ്ട് തന്നെ മൂന്നാം ടി20 മത്സരത്തില്‍ സഞ്ജുവിനെ ഒഴിവാക്കി ജിതേഷ് ശര്‍മയ്ക്ക് അവസരം നല്‍കിയേക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സഞ്ജു ഇന്ത്യക്കായി വീണ്ടും കളിക്കട്ടെ എന്ന തീരുമാനത്തിലേക്ക് ഗംഭീര്‍ എത്തുകയായിരുന്നു. ഇത് സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പ്രകടനം അതിനു അടിവരയിടുന്നതാണെന്നും ആരാധകര്‍ പറയുന്നു.

47 പന്തില്‍ 11 ഫോറും എട്ട് സിക്‌സും സഹിതം 111 റണ്‍സാണ് ഇന്ത്യക്കായി സഞ്ജു സ്‌കോര്‍ ചെയ്തത്. സഞ്ജു സെഞ്ചുറി നേടിയ ശേഷം ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അഭിനന്ദനങ്ങള്‍ അറിയിച്ചതും ഗംഭീര്‍ തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :