സഞ്ജു കരുത്തില്‍ അഞ്ചാം ട്വന്റി 20 യിലും ഇന്ത്യക്ക് ജയം; പരമ്പര 4-1 ന് സ്വന്തമാക്കി

സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് ആയപ്പോള്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതാണ്

India
രേണുക വേണു| Last Modified ഞായര്‍, 14 ജൂലൈ 2024 (20:04 IST)
India

സിംബാബ്വെയ്‌ക്കെതിരായ അഞ്ചാം ട്വന്റി 20 യിലും ഇന്ത്യക്ക് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന അഞ്ചാമത്തേയും അവസാനത്തേയും ടി20 മത്സരത്തില്‍ 42 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെ 18.3 ഓവറില്‍ 125 നു ഓള്‍ഔട്ടായി.

സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് ആയപ്പോള്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതാണ്. മലയാളി താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചുറി നേടിയതാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 45 പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 58 റണ്‍സ് നേടി സഞ്ജു ടോപ് സ്‌കോററായി. ശിവം ദുബെ 12 പന്തില്‍ 26 റണ്‍സും റിയാന്‍ പരാഗ് 24 പന്തില്‍ 22 റണ്‍സും നേടി. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി ബ്ലെസിങ് മുസര്‍ബാനി സിംബാബ്വെയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ദിയോണ്‍ മയേഴ്‌സ് 32 പന്തില്‍ 34 റണ്‍സെടുത്ത് സിംബാബ്വെയുടെ ടോപ് സ്‌കോററായി. ഫറാസ് അക്രം 13 പന്തില്‍ 27 റണ്‍സെടുത്തു. ഇന്ത്യക്കായി മുകേഷ് കുമാര്‍ 3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയ്ക്ക് രണ്ട് വിക്കറ്റ്.

സിംബാബ്വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പര 4-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ മാത്രമാണ് സിംബാബ്വെയ്ക്ക് ജയിക്കാന്‍ സാധിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :