അഭിറാം മനോഹർ|
Last Modified ഞായര്‍, 14 ജൂലൈ 2024 (10:19 IST)
സിംബാബ്വെയ്‌ക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ സഞ്ജു സാംസണ്‍ നായകനാകാന്‍ സാധ്യത. ഇന്നലെ നടന്ന പരമ്പരയിലെ നാലാം ടി20 മത്സരം വിജയിച്ച്
ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ ഇനിയും അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് അവസാന മത്സരത്തില്‍ ടീമില്‍ ഇടം നല്‍കിയേക്കും എന്ന സൂചനയാണ് നാലാം മത്സരത്തിന് ശേഷം നായകന്‍ ശുഭ്മാന്‍ ഗില്‍ നല്‍കിയത്.
മലയാളി താരവും വൈസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ കഴിഞ്ഞ 2 മത്സരങ്ങളില്‍ കളിച്ചെങ്കിലും ബാറ്റിംഗില്‍ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ആകെ 7 പന്തുകള്‍ നേരിട്ട സഞ്ജു 12 റണ്‍സാണ് നേടിയത്. ടി20 പരമ്പര ഇന്ത്യ നേടിയതിനാല്‍ തന്നെ അവസാന മത്സരത്തില്‍ ഗില്ലിന് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന. ഗില്ലിന് പുറമെ യശ്വസി ജയ്‌സ്വാളിനും വിശ്രമം നല്‍കിയേക്കും. അങ്ങനെയെങ്കില്‍ സഞ്ജു സാംസണാകും ഇന്ത്യന്‍ ടീം നായകനാവുക. ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക്ക്വാദ്, അഭിഷേക് ശര്‍മ എന്നിവരാകും ഇറങ്ങുക.
മൂന്നാമനായി സഞ്ജു സാംസണും പിന്നാലെ റിയാന്‍ പരാഗ്, റിങ്കു സിംഗ് എന്നിവരും ഇറങ്ങും. ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെ,വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും അവസരം ലഭിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌ണോയിയും പേസര്‍മാരായി മുകേഷ് കുമാര്‍,തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരും കളിക്കാന്‍ സാധ്യതയേറെയാണ്.