പകരം വീട്ടി കോഹ്ലിപ്പട, റൺമല കയറാനാകാതെ മുട്ടുകുത്തി വിൻഡീസ്; ഇന്ത്യയ്ക്ക് 67 റൺസ് ജയം, പരമ്പര

കെ കെ| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2019 (09:08 IST)
തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യിൽ നേരിടേണ്ടി വന്ന പരാജയത്തിനു പലിശ സഹിതം തിരിച്ച് നൽകി ഇന്ത്യൻ ടീം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പടുത്തുയർത്തിയ റൺമല കയറാനാകാതെ വെസ്റ്റിൻഡീസ് പാതി വഴിയിൽ തകർന്നടിഞ്ഞു. വിൻഡീസിന്റെ യാത്ര പകുതിയിൽ അവസാനിച്ചപ്പോൾ ഇന്ത്യയ്ക്ക് 67 റൺസ് ജയവും ഒപ്പം പരമ്പരയും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണെടുത്തത്. വിൻഡീസിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിച്ചു. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച ചെന്നൈയിൽ തുടക്കമാകും.

ട്വിന്റി20 പോരാട്ടങ്ങളിൽ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന വാങ്കഡെയുടെ ആ പതിവാണ് ഇത്തവണ കോഹ്ലിയും കൂട്ടരും തിരുത്തിയെഴുതിയത്. ടോസ് ലഭിച്ച വിൻഡീസ് നായകൻ കീറോണ്‍ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. എന്നാൽ, വിൻഡീസ് നായകന്റെ അമിത ആത്മവിശ്വാസം അവർക്ക് തന്നെ വിനയാവുകയായിരുന്നു. പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി ഇന്ത്യൻ ബാറ്റ്സ്മാന്മാർ തങ്ങളുടെ തേരോട്ടം ആരംഭിച്ചു.

രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവരുടെ മികവിൽ ഇന്ത്യ 240 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ തുടക്കത്തിൽ തന്നെ തളർത്താൻ ഇന്ത്യൻ പേസർമാർക്കായ്. 17 റൺസിനിടെ വിൻഡീസിന്റെ മൂന്നു വിക്കറ്റ് പിഴുത് ഇന്ത്യ ഞെട്ടി ഞെട്ടിച്ചു. എന്നാൽ, നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത തിരിച്ചടിച്ച ഷിമ്രോൺ ഹെറ്റ്മയർ – കീറോണ്‍ പൊള്ളാർഡ് സഖ്യം മത്സരത്തിൽ വിൻഡീസിന്റെ ആയുസ് നീട്ടിയെടുത്തെങ്കിലും അത് അധികം പോയില്ല. 67 റൺസ് അകലെ നിൽക്കെ വിൻഡീസ് തോൽവി സമ്മതിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :