India vs West Indies 3rd ODI: യൂത്തന്‍മാര്‍ പ്രതീക്ഷ കാത്തു, സഞ്ജു കസറി; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം, പരമ്പര

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ വെസ്റ്റ് ഇന്‍ഡീസിന് ഒരിക്കല്‍ പോലും സാധിച്ചില്ല

രേണുക വേണു| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (08:16 IST)

India vs West Indies 3rd ODI: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. 200 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കെല്ലാം വീണ്ടും വിശ്രമം അനുവദിച്ച മത്സരത്തില്‍ യുവതാരങ്ങളുടെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിങ്‌സ് 35.3 ഓവറില്‍ 151 ന് അവസാനിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് ജയിച്ചത്.

ശുഭ്മാന്‍ ഗില്‍ (92 പന്തില്‍ 85), ഇഷാന്‍ കിഷന്‍ (64 പന്തില്‍ 77), ഹാര്‍ദിക് പാണ്ഡ്യ ((52 പന്തില്‍ പുറത്താകാതെ 70), സഞ്ജു സാംസണ്‍ (41 പന്തില്‍ 51) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിത്. ഇഷാന്‍ കിഷന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറിയാണ് ഇന്നലെ പിറന്നത്.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ വെസ്റ്റ് ഇന്‍ഡീസിന് ഒരിക്കല്‍ പോലും സാധിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ആയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ആറ് വിക്കറ്റുകളും നഷ്ടമായിരുന്നു. ശര്‍ദുല്‍ താക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ജയ്‌ദേവ് ഉനദ്കട്ട് ഒരു വിക്കറ്റ് വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :