അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (20:53 IST)
ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ലീഗിലേക്ക് മാറരുതെന്ന് താനും മെസ്സിയും നെയ്മറോട് പറഞ്ഞിരുന്നുവെന്ന് ഉറുഗ്വ താരം ലൂയിസ് സുവാരസ്. അന്ന് പറഞ്ഞിരുന്നത് നെയ്മര്‍ കേട്ടിരുന്നുവെങ്കില്‍ ഇതിനകം തന്നെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നെയ്മര്‍ നേടുമായിരുന്നുവെന്നും സുവാരസ് വ്യക്തമാക്കി. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച മുന്നേറ്റ സഖ്യം എംഎസ്എന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മൂവരും ചേര്‍ന്ന ബാഴ്‌സയുടെ സുവര്‍ണ്ണകാലത്ത് എല്ലാ കിരീടങ്ങളും നേടി ബാഴ്‌സ മുന്നേറുന്നതിനിടെയാണ് നെയ്മര്‍ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ലീഗിലേക്ക് മാറിയത്.
2017ല്‍ പിഎസ്ജിയിലേക്ക് പോകരുതെന്നും ക്ലബ് കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാന്‍ ബാഴ്‌സലോണയില്‍ തുടരണമെന്നും ഞാന്‍ നെയ്മറോട് അന്നേ പറഞ്ഞിരുന്നതാണ്. ബാഴ്‌സലോണയില്‍ നിന്നിരുന്നുവെങ്കില്‍ ബാലണ്‍ ഡി ഓര്‍ അടക്കമുള്ള നേട്ടങ്ങള്‍ അവനെ തേടി എത്തുമായിരുന്നു. പിഎസ്ജി നെയ്മര്‍ക്ക് ഒരുതരത്തിലും യോജിച്ച ക്ലബായിരുന്നില്ല.ഫ്രഞ്ച് ലീഗിനേക്കാള്‍ പ്രീമിയര്‍ ലീഗായിരുന്നു അവന് നല്ലത്. ഇക്കാര്യം ഞാനും മെസ്സിയും അവനോട് പറഞ്ഞിട്ടുണ്ട്. സുവാരസ് പറഞ്ഞു. അതേസമയം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ മെസ്സിയ്‌ക്കൊപ്പം ഒരുമിച്ച് കളിക്കാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും സുവാരസ് പറഞ്ഞു.