ടീം സെലക്ഷന്‍; തലപുകച്ച് ദ്രാവിഡ്, രഹാനെയ്ക്ക് പിന്തുണയില്ല

രേണുക വേണു| Last Modified വ്യാഴം, 23 ഡിസം‌ബര്‍ 2021 (12:25 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലനത്തിലാണ്. ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യമാണ് നായകന്‍ വിരാട് കോലിക്കും സംഘത്തിനുമുള്ളത്. ഡിസംബര്‍ 26 നാണ് ആദ്യ ടെസ്റ്റ് മത്സരം.

അതേസമയം, പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ വിരാട് കോലിയും ടീം സെലക്ഷനെ കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയാണ്. മധ്യനിരയില്‍ ആരൊക്കെ കളിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യ രഹാനെ പുറത്തിരിക്കേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പായി. ഈ വര്‍ഷം 12 ടെസ്റ്റുകളില്‍ നിന്ന് 19.57 ശരാശരിയില്‍ 411 റണ്‍സ് മാത്രമാണ് രഹാനെ നേടിയിരിക്കുന്നത്. മോശം ഫോമിലുള്ള രഹാനെയെ ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തില്‍ പരീക്ഷിക്കേണ്ടതില്ലെന്ന നിലപാടിയാണ് രാഹുല്‍ ദ്രാവിഡ്. നേരത്തെ രഹാനെയ്ക്ക് പിന്തുണ നല്‍കിയിരുന്ന വിരാട് കോലിക്കും ഇപ്പോള്‍ ദ്രാവിഡിന്റെ അഭിപ്രായമാണ്. ഒന്നാം ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ പോലും രഹാനെ ഉണ്ടാകില്ലെന്നാണ് വാര്‍ത്തകള്‍.

രഹാനെയ്ക്ക് പകരം മധ്യനിരയില്‍ ആരെ പരീക്ഷിക്കണമെന്ന ചോദ്യവും ബാക്കിയാണ്. ശ്രേയസ് അയ്യരും ഹനുമ വിഹാരിയുമാണ് മധ്യനിരയിലേക്ക് പരിഗണിക്കുന്ന രണ്ട് താരങ്ങള്‍. ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിങ്ങനെയായിരിക്കും ഇന്ത്യയുടെ മധ്യനിരയെന്നാണ് വിവരം. ശ്രേയസ് അയ്യര്‍ക്ക് പകരം ഹനുമ വിഹാരിയെ പരീക്ഷിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :