രേണുക വേണു|
Last Modified ശനി, 4 ഡിസംബര്‍ 2021 (12:04 IST)
അജിങ്ക്യ രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തേക്ക്. ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമാണ് രഹാനെയ്ക്ക് തിരിച്ചടിയാകുന്നത്. രഹാനെയ്ക്ക് ഇനിയും അവസരങ്ങള്‍ നല്‍കരുതെന്നാണ് സെലക്ടര്‍മാരുടെ വാദം. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ വിരാട് കോലിയും ഇതേ നിലപാടിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രഹാനെ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രഹാനെയ്ക്ക് പകരം രോഹിത് ശര്‍മയായിരിക്കും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍. രോഹിത്തിനെ ടെസ്റ്റ് ടീം സ്ഥിര ഉപനായക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് വെറും 109 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാനായത്.
നേരത്തെ രഹാനെയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു നായകന്‍ കോലിയുടേത്. ഏറെ അനുഭവ സമ്പത്തുള്ള ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ആയതിനാല്‍ ഫോം വീണ്ടെടുക്കാന്‍ കുറച്ചുകൂടി സമയം നല്‍കണമെന്ന് സെലക്ഷന്‍ കമ്മിറ്റിയോട് കോലി വാദിച്ചിരുന്നു. അതുകൊണ്ടാണ് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും രഹാനെയ്ക്ക് അവസരം നല്‍കിയത്. എന്നാല്‍, താരം ഫോം ഔട്ട് തുടരുന്ന സാഹചര്യത്തില്‍ ഓവര്‍സീസ് ടെസ്റ്റ് മത്സരങ്ങളില്‍ കൂടി പരീക്ഷണം നടത്തുന്നത് വിവേകമല്ലെന്നാണ് കോലിയുടേയും അഭിപ്രായം.