വാണ്ടറേഴ്‌സിൽ വണ്ടറുകൾ സൃഷ്ടിക്കാൻ ഇന്ത്യ, രണ്ടാം ടെസ്റ്റ് മത്സരം നാളെ

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ജനുവരി 2022 (13:02 IST)
ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര ടെസ്റ്റ് പരമ്പര വിജയം നേടാൻ ഇന്ത്യ നാളെ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിനൊപ്പം ചില വ്യക്തിഗത നേട്ടങ്ങൾ കൂടി ലക്ഷ്യം വെച്ചാവും നാളെ ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കളത്തിലിറങ്ങുക. വാണ്ടറേഴ്‌സിൽ
കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന വിദേശ താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.

ജൊഹന്നസ്‌ബര്‍ഗില്‍ മുമ്പ് കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു സെഞ്ചുറിയും 2 അര്‍ധ സെഞ്ചുറിയും നേടിയിട്ടുള്ള കോലിക്ക് ഏഴ് റണ്‍സ് കൂടി നേടിയാല്‍ 316 റണ്‍സുള്ള ന്യൂസിലന്‍ഡിന്‍റെ ജോണ്‍ റീഡിനെ മറികടക്കാം.
ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും (263) ഇന്ത്യയുടെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമാണ് (262) മൂന്നും നാലും സ്ഥാനങ്ങളില്‍. ഓസീസ് മുന്‍താരം ഡാമിയന്‍ മാര്‍ട്ടിനാണ് അഞ്ചാം സ്ഥാനത്ത് (255). ഫോമിലല്ലാത്ത ഇന്ത്യൻ താരമായ ചേതേശ്വര്‍ പൂജാരയ്‌ക്ക് വാണ്ടറേഴ്‌സിൽ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും സഹിതം 229 റണ്‍സുണ്ട്. എന്നാൽ രണ്ടാം ടെസ്റ്റിൽ പുജാര കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :