രേണുക വേണു|
Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (10:54 IST)
ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങി കഴിഞ്ഞു. ലോക ക്രിക്കറ്റിലെ എല്‍-ക്ലാസിക്കോ പോരാട്ടത്തിനായി. ഒക്ടോബര്‍ 24 ന് ടി 20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്ന് ഉറപ്പ്. ചിരവൈരികളായ പാക്കിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍ ക്യാംപില്‍ തകൃതിയായി തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. മൂന്ന് പാക് താരങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നായകന്‍ വിരാട് കോലി ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് ബാറ്റര്‍മാര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കരുതെന്നാണ് ബൗളര്‍മാര്‍ക്ക് കോലി നല്‍കിയിരിക്കുന്ന നിര്‍ദേശം. പാക് മുന്‍നിര ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍, പാക് നായകനും ലോക ടി 20 ക്രിക്കറ്റില്‍ രണ്ടാം റാങ്കുകാരനുമായ ബാബര്‍ അസം എന്നിവരാണ് ആ രണ്ട് ബാറ്റര്‍മാര്‍.
ഐസിസി റാങ്കിംഗില്‍ ഏഴാം സ്ഥാനക്കാരനായ റിസ്വാന്‍ പാക്കിസ്ഥാന് വേണ്ടി 32 ഇന്നിങ്‌സുകളില്‍ നിന്ന് 1065 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. 129.09 സ്‌ട്രൈക് റേറ്റും 48.40 ശരാശരിയും റിസ്വാന് ഉണ്ട്. ക്രീസില്‍ താളം കണ്ടെത്തിയാല്‍ ഏറ്റവും അപകടകാരിയായ ബാറ്ററാണ് അദ്ദേഹം.
56 ടി 20 മത്സരങ്ങളില്‍ നിന്ന് 46.98 ശരാശരിയും 130.64 സ്‌ട്രൈക് റേറ്റും ഉള്ള ബാറ്ററാണ് പാക് നായകന്‍ ബാബര്‍ അസം. ലോക ക്രിക്കറ്റില്‍ ഏറ്റവും അപകടകാരിയായ ബാറ്റര്‍. ബാബര്‍ അസമിനെ പൂട്ടാനുള്ള കെണികള്‍ ഇന്ത്യ തയ്യാറാക്കി തുടങ്ങി.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബൗളര്‍ ഷഹീന്‍ അഫ്രീദിയെയും ഇന്ത്യന്‍ ടീം ഭയപ്പെടുന്നു. കൃത്യമായ സ്പീഡ് നിലനിര്‍ത്തി വേരിയേഷനുകളോടെ പന്തെറിയാന്‍ കഴിവുള്ള താരമാണ് ഷഹീന്‍. 30 ടി 20 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കോലി അടക്കമുള്ള ബാറ്റര്‍മാരെ കുരുക്കാന്‍ ഷഹീന്‍ അഫ്രീദിയെ വജ്രായുധമാക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യാന്‍ പോകുന്നത്. ക്വിക് ഷോര്‍ട്ട്-ബോളുകളിലൂടെ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ ഷഹീന് സാധിക്കും. മധ്യ ഓവറുകളില്‍ ഷഹീനെ നേരിടാനായിരിക്കും ഇന്ത്യ കൂടുതല്‍ വിയര്‍ക്കുക. ഷഹീനെ കളിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.