രേണുക വേണു|
Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:22 IST)
Arshdeep Singh Drops Catch: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അത് മറികടക്കുകയായിരുന്നു.
നിര്‍ണായക ഘട്ടത്തില്‍ പാക്കിസ്ഥാന്‍ ബാറ്റര്‍ ആസിഫ് അലിയുടെ ക്യാച്ച് അര്‍ഷ്ദീപ് സിങ് നഷ്ടപ്പെടുത്തി. ഇത് തോല്‍വിയില്‍ നിര്‍ണായകമായി. രവി ബിഷ്‌ണോയ് എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് അത് സംഭവിക്കുന്നത്. അനായാസം കൈപിടിയിലൊതുക്കാവുന്ന പന്ത് അര്‍ഷ്ദീപിന്റെ കൈക്കിടയിലൂടെ ചോര്‍ന്നു. 16 പന്തില്‍ 31 റണ്‍സായിരുന്നു ഈ സമയത്ത് പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാത്രമല്ല ആസിഫ് അലി റണ്‍സൊന്നും എടുക്കാതെ ക്രീസില്‍ നില്‍ക്കുകയായിരുന്നു. അര്‍ഷ്ദീപ് ക്യാച്ച് നഷ്ടപ്പെടുത്തിയത് പിന്നീട് ആസിഫ് അലി പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. എട്ട് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 16 റണ്‍സാണ് ആസിഫ് അലി നേടിയത്. ഇത് പാക്കിസ്ഥാന്റെ ജയത്തില്‍ നിര്‍ണായകമായി.
അതേസമയം, അര്‍ഷ്ദീപ് ക്യാച്ച് വിട്ടതിനു ശേഷമുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മുഖഭാവമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിര്‍ണായക സമയത്തെ പിഴവ് രോഹിത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി. ക്ഷോഭിച്ചുകൊണ്ടാണ് രോഹിത് പിന്നീട് പ്രതികരിച്ചത്. ഇന്ത്യന്‍ നായകനെ മുന്‍പൊന്നും ഇങ്ങനെ കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ പ്രതികരണം.