ബുമ്രയ്ക്ക് മുന്നിൽ പതറിയെങ്കിലും പ്രതിരോധം തീർത്ത് കിവികൾ, കരകയറ്റി നിക്കോൾസും ഫിലിപ്സും
തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുമ്പോഴും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനായി.
ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബുമ്രയ്ക്ക് മുന്നില്‍ പതറിയെങ്കിലും ശക്തമായ പ്രതിരോധം തീര്‍ത്ത് ന്യൂസിലന്‍ഡ്. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണറും ടീമിന്റെ നായകനുമായ ടോം ലാഥത്തിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ടെസ്റ്റിലെ ഒരു വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് ലാഥത്തിന്റെ ഓഫ്സ്റ്റമ്പ് തെറിപ്പിച്ചുകൊണ്ടാണ് ബുമ്ര നടത്തിയത്.
ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരെ അന്‍ഷുല്‍ കാംബോജും ആകാശ് ദീപും പുറത്താക്കിയതോടെ ന്യൂസിലന്‍ഡ് സ്‌കോര്‍ 51 ന് 3 എന്ന നിലയിലായി. പിന്നാലെ വീണ്ടും അപകടം വിതച്ചുകൊണ്ട് അപകടകാരിയായ ഡാരില്‍ മിച്ചലിനെയും ടോം ബ്ലണ്ടലിനേയും ബുമ്ര മടക്കിയതോടെ 70 റണ്‍സിന് 5 വിക്കറ്റെന്ന നിലയില്‍ ന്യൂസിലന്‍ഡ് തകര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുമ്പോഴും ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ഓപ്പണര്‍ ഹെന്റി നിക്കോള്‍സിനായി. ചായയ്ക്ക് പിരിയുമ്പോള്‍ 135 പന്തില്‍ 66 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 66 പന്തില്‍ 42 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സ് മികച്ച പിന്തുണയാണ് താരത്തിന് നല്‍കിയത്. ചായയ്ക്ക് പിരിയുമ്പോള്‍ 140 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ് ന്യൂസിലന്‍ഡ്.
