അഭിറാം മനോഹർ|
Last Updated:
വെള്ളി, 7 ഫെബ്രുവരി 2020 (16:59 IST)
ന്യൂസിലൻഡിനെതിരായ കഴിഞ്ഞ ഏകദിനത്തിലെ ശ്രേയസ് അയ്യരുടെ പ്രകടനത്തോടെ ഒരുപാട് കാലത്തെ ഇന്ത്യയുടെ തലവേദനക്കാണ് പരിഹാരമായത്. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിയോടെ നാലാം നമ്പറിൽ താൻ തന്നെയാണ് അവകാശി എന്ന പ്രഖ്യാപനമാണ് ശ്രേയസ് മത്സരത്തിൽ നടത്തിയത്.
എന്നാൽ ഇന്ത്യൻ ടീമിൽ പുതിയൊരു തലവേദന രൂപപ്പെട്ടിരിക്കുകയാണിപ്പോൾ. ആരായിരിക്കും ഇന്ത്യയുടെ ആറാം നമ്പർ ബാറ്റ്സ്മാൻ എന്നതിനെ ചുറ്റിപറ്റിയാണ് ഇപ്പോഴത്തെ പ്രധാനചർച്ച. ഹാമിൽട്ടണിൽ കേദാർ ജാദവ് കൂടി തിരിച്ചെത്തിയതോടെയാണ് ആറാം സ്ഥാനത്തിനായി പോരാട്ടം മുറുകിയത്. വിശ്രമത്തിലുള്ള ഓൾറൗണ്ടർ
ഹാർദ്ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ നേരിട്ട് ആറാം നമ്പറിലെത്തും എന്നാണ് അനുമാനം. ടി20 ലോകകപ്പിൽ പാണ്ഡ്യയില്ലാത്ത ഒരു പദ്ധതിക്ക് ഇന്ത്യൻ ടീമും മുതിർന്നേക്കില്ല.
ടീമിലുള്ള മുപ്പതുകാരനായ മനീഷ് പാണ്ഡെയാണ് ആറാം നമ്പറിനായി അവകാശവാദമുന്നയിക്കുന്ന മറ്റൊരു താരം. 2019 ലോകകപ്പിന് ശേഷം ലഭിച്ച അവസരങ്ങളിൽ 84.50 ബാറ്റിങ്ങ് ശരാശരിയിലാണ് പാണ്ഡെ റൺസ് കണ്ടെത്തിയത്. ലോകകപ്പിനുള്ള ടീം പരിഗണിക്കുമ്പോൾ മനീഷ് പാണ്ഡെയുടെ മികവിനേയും ഇന്ത്യക്ക് അവഗണിക്കാൻ സാധിക്കുകയില്ല. നിലവിൽ ടീമിലുള്ള ശിവം ദുബെയും ആറാം നമ്പർ സ്ഥാനത്തിനായി രംഗത്തുണ്ടെങ്കിലും
മനീഷ് പാണ്ഡെയേയും ഹാർദ്ദിക്കിനേയും മറികടന്ന് ടീമിൽ സ്ഥാനം നേടാൻ സാധ്യതകൾ വിദൂരമാണ്. നിലവിൽ നാലുപേരും കിട്ടുന്ന അവസരങ്ങളിൽ ഫോമിലേക്കുയർന്നില്ലെങ്കിൽ ടീമിൽ ലോകകപ്പ് ടീം പ്രവേശനം സ്വപ്നമാകും.