Last Modified ചൊവ്വ, 29 ജനുവരി 2019 (09:16 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മഹേന്ദ്ര സിംഗ് ധോണി കളിക്കാത്തത് ആരാധകർക്ക് തികച്ചും സര്‍പ്രൈസായിരുന്നു. ധോണിയ്ക്ക് പകരം ദിനേഷ് കാര്‍ത്തിക്കാണ് അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടത്. ധോണി കളിക്കില്ലെന്ന് ഒരു സൂചന പോലും പുറത്ത് വരാതിരുന്നതാണ് ആരാധകരെ അമ്പരപ്പിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ നായകൻ വിരാട് കോഹ്ലി ആണെങ്കിലും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് ഡ്രസിംഗ് റൂമിലെ നായകൻ. കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതും മൂന്നാം ഏകദിനത്തില്‍ ധോണിയെ അപ്രതീക്ഷിതമായി പുറത്തിരുത്തിയതിന്റെയെല്ലാം പിന്നിൽ ആരാധകർക്ക് ഊഹിക്കാൻ പോലും കഴിയാത്ത തന്ത്രങ്ങളാണുള്ളത്.
നേരിയ പരുക്ക് പോലും അവഗണിച്ച് ഗ്രൌണ്ടിലിറങ്ങുന്ന സ്വഭാവക്കാരനാണ് മഹി. പിന്‍തുട ഞരമ്പിലെ കടുത്ത വേദനയെ തുടര്‍ന്നാണ് ധോണിയെ മൂന്നാം ഏകദിനത്തിനുളള പ്ലെയിംഗ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.
പരുക്ക് അവഗണിച്ച് ഇറങ്ങിയാല്‍ ഒരുപക്ഷേ നാല്, അഞ്ച് ഏകദിനങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചേക്കില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് ധോണിക്ക് മാനേജ്‌മെന്റ് നിര്‍ബന്ധിത വിശ്രമം നല്‍കിയത്.
ഓസ്‌ട്രേലിയയന്‍ പരമ്പര മുതല്‍ മികച്ച ഫോമിലാണ് ധോണി കളിക്കുന്നത്. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ ധോണിയുടെ ബലത്തിലാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിലും ധോണി മികവ് ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്താകാതെ 48 റണ്‍സാണ് അതിവേഗം ധോണി കണ്ടെത്തിയത്.