അഭിറാം മനോഹർ|
Last Modified വെള്ളി, 11 ഡിസംബര്‍ 2020 (14:57 IST)
ഓസ്ട്രേലിയ എയ്‌ക്കെതിരായ പിങ്ക് ബോൾ പരിശീലന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത
ഇന്ത്യ 194 റൺസിന് പുറത്ത്. ഓസീസ് പേസ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യയെ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ചേർന്നുള്ള അവസാന വിക്കറ്റ് കൂട്ടുകെട്ടാണ് കളിയിലേക്ക് തിരികെകൊണ്ടുവന്നത്.
പിങ്ക് പന്തിൽ ലൈനും ലെങ്‌ത്തും കണ്ടെത്താൻ കഴിയാതെ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വലയുന്ന കാഴ്ച്ചയാണ് മത്സരം സമ്മാനിച്ചത്.58 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലും 29 ബോളില്‍ 8 ഫോറുകളുടെ അകമ്പടിയില്‍ 40 റണ്‍സെടുത്ത പൃഥ്വി ഷായും മാത്രമാണ് മുൻനിരയിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ
102ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ 123-9 എന്ന നിലയിലേക്ക് തകർന്നടിഞ്ഞു.
എന്നാൽ പത്താം വിക്കറ്റിൽ ബുമ്രയുടെ അപ്രതീക്ഷിതമായ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്. 57 പന്തിൽ 54 റൺസുമായി ഇന്ത്യൻ ബാറ്റിങ് നിരയിലെ ടോപ് സ്കോറർ ആകാനും ബുമ്രയ്ക്കായി. 34 പന്തിൽ 22 റൺസെടുത്ത മുഹമ്മദ് സിറാജ് ഉറച്ച പിന്തുണയാണ് ബുമ്രയ്ക്ക് നൽകിയത്. മത്സരത്തിൽ ബുമ്ര 57 പന്തിൽ 55 റൺസുമായി പുറത്താകാതെ നിന്നു.