അഭിറാം മനോഹർ|
Last Modified വ്യാഴം, 6 നവംബര്‍ 2025 (15:37 IST)
ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെ ടി20 മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനവുമായി ഇന്ത്യന്‍ നായകനും ഉപനായകനും. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റില്‍ 56 റണ്‍സ് കൂടിചേര്‍ക്കാനായെങ്കിലും 2 വിക്കറ്റുകള്‍ നഷ്ടമായതിന് പിന്നാലെ തകര്‍ച്ചയിലേക്ക് മധ്യനിര കൂപ്പുകുത്തി. ഓപ്പണര്‍ അഭിഷേക് ശര്‍മ 21 പന്തില്‍ 28 റണ്‍സ് നേടി പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്‍ 39 പന്തില്‍ 46 റണ്‍സാണ് നേടിയത്. 10 പന്തില്‍ 20 റണ്‍സ് നേടിയ സൂര്യകുമാറും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.
പരമ്പരയില്‍ 39,1,24,20 എന്നിങ്ങനെയാണ് സൂര്യകുമാര്‍ യാദവിന്റെ പ്രകടനം. അതേസമയം സഞ്ജു സാംസണെ മാറ്റി ഓപ്പണിങ്ങിലെത്തിയ ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ ആദ്യ മത്സരത്തില്‍ 37റണ്‍സുമായി പുറത്താകാതെ നിന്നു. തുടര്‍ന്നുള്ള 3 മത്സരങ്ങളില്‍ 5,15,46 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.
പരമ്പരയിലുടനീളം പരീക്ഷണങ്ങള്‍ തുടരുന്ന പരിശീലകന്‍ ഗൗതം ഗംഭീര്‍ മൂന്നാം സ്ഥാനത്താണ് ശിവം ദുബെയെ ഇത്തവണ പരീക്ഷിച്ചത്. 18 പന്തില്‍ 22 റണ്‍സെടുത്ത ശിവം ദുബെയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മ 4 പന്തില്‍ 3 റണ്‍സെടുത്ത് പുറത്തായി. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇന്ത്യ നേടിയത്.
ഓസ്‌ട്രേലിയക്കായി ആദം സാമ്പ, നഥാന്‍ എല്ലിസ് എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക്കസ് സ്റ്റോയ്‌നിസ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.