രോഹിത് ശര്‍മയ്ക് ഡബിള്‍ സെഞ്ചുറി (264); ലങ്കയ്ക്ക് ജയിക്കാന്‍ 405

  ഇന്ത്യ ശ്രീലങ്ക , രോഹിത് ശര്‍മ , വിരാട് കോ‌ഹ്‌ലി , കൊല്‍ക്കത്ത
കൊല്‍ക്കത്ത| jibin| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (17:24 IST)
ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് (264 ) ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 404 റണ്‍‌സെടുത്തു. ഏകദിനത്തില്‍ വീരേന്ദര്‍ സേവാഗിന്റെ 219 എന്ന റെക്കോഡാണ് കൊല്‍ക്കത്തയില്‍ പഴങ്കഥയായത്. ക്യാപ്‌റ്റന്‍ വിരാട് കോ‌ഹ്‌ലി (66) റണ്‍സ് നേടി രോഹിതിന് മികച്ച പിന്തുണ നല്‍കി. 172 പന്തുകളില്‍ നിന്ന് 33 ഫോറുകളും 9 സിക്‍സറുകളും നേടിയാണ് രോഹിത് ലോക റോക്കോഡ് നേടിയത്.

അവസാന ഓവറുകളില്‍ ബൌണ്ടറികളുടെയും സിക്‍സറുകളുടെയും പെരുമഴയായിരുന്നു രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ലങ്കന്‍ ബൌളര്‍മാരെ മാറി മാറി കടന്നാക്രമിച്ച രോഹിത് പുതിയ റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യന്‍ താരത്തെ പുറത്താക്കാനുള്ള മൂന്ന് അവസരങ്ങള്‍ ലങ്കന്‍ താരങ്ങള്‍ കൈവിട്ടതോടെ രോഹിതിന്റെ സ്‌കോറിനൊപ്പം ഇന്ത്യന്‍ സ്കോറും ഉയരുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യ നായകന്‍ വിരാട് കോ‌ഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ശിഖര്‍ ധവാന് പകരം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് രോഹിത് ശര്‍മ തകര്‍ത്തടിക്കാനുള്ള മൂടിലായിരുന്നു. തുടക്കത്തില്‍ താളം കണ്ടെത്താന്‍ ശ്രമിച്ച രോഹിത് പതിയ ആക്രമണത്തിന്റെ പാതയിലേക്ക് എത്തുകയായിരുന്നു. ആദ്യം നഷ്‌ടമായത് രഹാനയുടെ (28) വിക്കറ്റ് ആയിരുന്നു. തുടര്‍ന്നെത്തിയ റായിഡു (8) പതിമൂന്നാം ഓവറില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറുകയായിരുന്നു.

പിന്നീടായിരുന്നു ഇന്ത്യന്‍ സ്കോര്‍ പറന്നുയര്‍ന്ന ഇന്നിംഗ്‌സ് പടുത്തുയര്‍ന്നത്. ക്രീസിലെത്തിയ അപകടകാരിയായ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി രോഹിത് ശര്‍മയുമൊത്ത് സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. മോശം പന്തുകളെ തെരഞ്ഞ് പിടിച്ച് കളിച്ച രോഹിത് ഇതിനിടെ അര്‍ധ സെഞ്ചുറിയും നേടി. താളം കണ്ടെത്തിയ രോഹിത് ആക്രമണത്തിന്റെ പാതയിലേക്ക് ഗിയര്‍ മാറ്റുകയായിരുന്നു. 202 റണ്‍സിന്റെ കൂട്ട്ക്കെട്ട് ഉണ്ടാക്കിയ ശേഷമാണ് ഇന്ത്യന്‍ നായകന്‍ കൂടാരം കയറിയത്. സ്കോര്‍ 247 നില്‍ക്കെ അനാവശ്യ റണ്‍സിനായി ക്രീസ് വിട്ടിറങ്ങിയ കോ‌ഹ്‌ലി (66) റണ്‍ ഔട്ടാവുകയായിരുന്നു. അവസാന ഓവറുകളില്‍ റോബിന്‍ ഉത്തപ്പ (16*) മികച്ച പിന്തുണ നല്‍കിയതോടെ ഡബിള്‍ സെഞ്ചുറി നേടുകയായിരുന്നു. അവസാന ഓവറുകളില്‍ സിക്‍സറുകളും ഫോറുകളും വരിവരിയായി പിറക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :