ലണ്ടന്‍|
jibin|
Last Modified തിങ്കള്‍, 12 ജൂണ്‍ 2017 (14:47 IST)
ഇത്തവണത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ വിരാട് കോഹ്‌ലിയും സംഘവും പുറത്തെടുത്ത ഏറ്റവും മികച്ച പ്രകടനം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. മികച്ച ബോളിംഗ്, ഒത്തിണക്കത്തോടെയുള്ള ഫീല്‍ഡിംഗ്, തകര്‍പ്പന്‍ ബാറ്റിംഗ്
എന്നിങ്ങനെ കളിയുടെ സമസ്ഥ മേഖലകളിലും
ഇന്ത്യ വിജയം കണ്ടതോടെ ലോകക്രിക്കറ്റിലെ വമ്പന്‍മാര്‍ ഓവലില്‍ തോല്‍വി സമ്മതിച്ചു.
നിര്‍ണായക മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി സമ്മതിച്ചതോടെ പ്രധാന ടൂർണമെന്റുകളില്‍ തങ്ങളെ പിന്തുടരുന്ന അദൃശ്യമായ നിർഭാഗ്യം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ചു ദക്ഷിണാഫ്രിക്കൻ ടീം. എന്നാല്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളെ നേരിട്ടതു പോലെയല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കളത്തിലിറങ്ങിയത്. ജയിക്കാനുറച്ചുള്ള ഗ്രഹപാഠങ്ങള്‍ ചെയ്‌താണ് കോഹ്‌ലി മൈതാനത്തെത്തിയത്.
അമിതമായ ആത്മവിശ്വാസമാണ് ലങ്കയ്‌ക്കെതിരെ തോല്‍വിക്ക് കാരണമായതെങ്കില്‍ വീഴ്‌ചകള്‍ ഇല്ലാതാക്കി കളിക്കാനിറങ്ങിയ ഇന്ത്യക്ക് ടോസില്‍ മുതല്‍ ഭാഗ്യം കൂടെ നിന്നു. തുടക്കത്തില്‍ അംലയും ഡികോക്കും കരുതലോടെ തുടങ്ങുകയും 76 റൺസ് കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
അംല പുറത്തായ ശേഷം ഒരു വിക്കറ്റിന് 116 എന്ന ശക്തമായ സ്കോറിൽ നിന്നു ദക്ഷിണാഫ്രിക്കയെ 191ന് ഓൾഔട്ടാകുകയായിരുന്നു.
ഇന്ത്യന്‍ ബോളര്‍മാരുടെയും ഫീല്‍ഡര്‍മാരുടെയും മികവാണ് ദക്ഷിണാഫ്രിക്കയെ 200 റണ്‍സ് കടത്താതിരുന്നത്. വിക്കറ്റിനിടയിൽ മികച്ച ഓട്ടക്കാരായ എ ബി ഡിവില്ലിയേഴ്സും ഡേവിഡ് മില്ലറും റണ്ണൗട്ടായതാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. വാലറ്റത്ത് ഇമ്രാൻ താഹിറും റണ്ണൗട്ടിൽ വീണതോടെ ഇന്ത്യൻ ഫീൽഡിങ്ങിന്റെ മേധാവിത്വം വ്യക്തമായി. 53 റൺസെടുത്തു ഡികോക്ക് പുറത്തായതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക്
ദക്ഷിണാഫ്രിക്ക ഭീഷണിയായില്ല.
ചെറിയ സ്‌കോര്‍ പിന്തുടരാനിറങ്ങിയ ശിഖര്‍ ധാവാന്‍- രോഹിത് ശര്‍മ്മ സഖ്യം ആദ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും പതിയെ താളം കണ്ടെത്തി. രോഹിത് അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും 12 റൺസുമായി അദ്ദേഹം കൂടാരം കയറി. പിന്നാലെ ക്രീസിലെത്തിയ വിരാട് കോഹ്‌ലി സമ്മര്‍ദ്ദത്തിന് അകപ്പെട്ടുവെങ്കിലും ധവാന്‍ സ്‌കോര്‍ നിയന്ത്രണം ഏറ്റെടുത്തതോടെ കളി പൂര്‍ണ്ണമായും ഇന്ത്യയുടെ കൈക്കലാക്കിയതോടെ കോഹ്‌ലിയും കൂട്ടരും സെമിയിലേക്ക് കടന്നു.