ടെസ്റ്റിൽ ദിവസം പത്തോവർ എറിയാനാവുമെങ്കിൽ ഹാർദ്ദിക്കും ടെസ്റ്റ് കളിക്കണം, ഇന്ത്യ ആർക്കും തോൽപ്പിക്കാൻ സാധിക്കാത്ത ടീമാകുമെന്ന് ഗവാസ്കർ

Indian Team, India vs England, Test, Cricket News, Webdunia Malayalam
Indian Team
അഭിറാം മനോഹർ| Last Modified വ്യാഴം, 11 ജൂലൈ 2024 (21:20 IST)
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലും ഓള്‍ റൗണ്ടര്‍ താരമായ ഹാര്‍ദ്ദിക് പാണ്ഡ്യ രാജ്യത്തിനായി കളിക്കണമെന്ന് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. ലോക ടെസ്റ്റ് റാങ്കിംഗില്‍ പല തവണ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടാന്‍ ഇന്ത്യയ്ക്കായിട്ടില്ല. ഹാര്‍ദ്ദിക് കൂടി ഇന്ത്യന്‍ ടീമിലെത്തുകയാണെങ്കില്‍ ടെസ്റ്റില്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ക്കാവില്ലെന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കുന്നത്.


ഇന്ത്യ ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ടെസ്റ്റ് സീരീസുകള്‍ വിജയിച്ചു. അങ്ങനെ വിജയം നേടുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും സമനില പിടിച്ചു. നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ മൃഗീയമായ വിജയങ്ങളാണ് നമ്മള്‍ നേടുന്നത്. 1948ല്‍ ഡോണ്‍ ബ്രാഡ്മാന്റെ കീഴിലുള്ള ഓസീസും 2002ല്‍ സ്റ്റീവ് വോയുടെ കീഴിലുള്ള ഓസീസും മാത്രമാണ് ടെസ്റ്റില്‍ ഇത്രയും ആധിപത്യം പുലര്‍ത്തിയിട്ടുള്ളത്. ടെസ്റ്റ് ടീമില്‍ ഹാര്‍ദ്ദിക്കിനെ നമ്മള്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഈ ലീഗില്‍ എത്തിച്ചേരാന്‍ ഇന്ത്യയ്ക്കും സാധിക്കും. ഗവാസ്‌കര്‍ പറഞ്ഞു.


ഈ വര്‍ഷം ബംഗ്ലാദേശിനെതിരെ 2 ടെസ്റ്റ് മത്സരങ്ങളും ന്യൂസിലന്‍ഡിനെതിരെ മൂന്നും ഓസ്‌ട്രേലിയക്കെതിരെ അഞ്ചും മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഈ മത്സരങ്ങളില്‍ ഹാര്‍ദ്ദിക്കിനെ കളിപ്പിക്കുന്നതിനെ പറ്റി ഇന്ത്യ ചിന്തിക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഹാര്‍ദ്ദിക് നമുക്കായി ദിവസം 10 ഓവര്‍ എറിയാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യയെ ഒരു ടീമിനും തോല്‍പ്പിക്കാനാവില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും. ഗവാസ്‌കര്‍ പറഞ്ഞു.


ഇന്ത്യയ്ക്കായി 11 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യ 523 റണ്‍സും 17 വിക്കറ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഹാര്‍ദ്ദിക് കളിച്ചത്. തുടര്‍ച്ചയായി കളിക്കുന്നതിനാല്‍ ജോലി ഭാരം കുറയ്ക്കുന്നതിനും പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഹാര്‍ദ്ദിക് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും മാറിനിന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :