jibin|
Last Updated:
ശനി, 1 ഒക്‌ടോബര്‍ 2016 (19:54 IST)
പതിവ് തെറ്റിയില്ല ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റും ഇന്ത്യയുടെ വരുതിയിലേക്ക്. കാണ്‍പൂരിലെ ആദ്യ ടെസ്‌റ്റില്‍ സ്‌പിന്‍ വലയത്തില്‍പ്പെട്ട് തോല്‍വിയറിഞ്ഞ കിവികള്‍ രണ്ടാം ടെസ്‌റ്റില്‍ പേസിന് മുന്നിലാണ് പതറുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിഗ്‌സ് സ്‌കോറായ 316 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ 128 എന്ന നിലയിലാണ്.
നായകന്‍ കെയ്‌ന്‍ വില്ല്യംസണ്‍ന്റെ അഭാവത്തില്‍ ടീമിനെ നയിച്ച റോസ് ടെയ്‌ലറിന്റെ വഴിക്കായിരുന്നു ടെസ്‌റ്റിന്റെ ആദ്യ ദിനം. സൂപ്പര്‍ താരം വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ ഒന്നാംദിനം അതിവേഗം കൂടാരാം കയറിയപ്പോള്‍ ആദ്യ ദിവസം ന്യൂസിലന്‍ഡിന്റേതായി. രണ്ടാം ദിവസം വൃദ്ധിമാന്‍ സാഹയുടെ പ്രകടനത്തിന്റെ മികവില്‍ പൊരുതാവുന്ന സ്‌കോര്‍
ഇന്ത്യ പടുത്തുയര്‍ത്തുകയായിരുന്നു.
എന്നാല്‍ ആദ്യ ഇന്നിംഗ്‌സിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ പിഴയ്‌ക്കുകയായിരുന്നു. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്‌പിന്‍ ത്രയങ്ങളെ നേരിടുകയെന്ന വിഷമവൃത്തത്തില്‍ ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിംഗ്‌സില്‍ വീഴ്‌ത്തിയത് ഭുവനേശ്വര്‍ കുമാറാണ്.
ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ പോലും ക്ഷമ കാണിക്കാതിരുന്ന കിവിസ് താരങ്ങള്‍ ഇന്ത്യയുടെ വഴിക്ക് നീങ്ങുകയായിരുന്നു. മികച്ച ഫോമിലുണ്ടായിരുന്ന ടോം ലഥാം രണ്ടാം ഓവറില്‍ തന്നെ പുറത്തായതോടെ കിവികളുടെ തകര്‍ച്ച ആരംഭിച്ചു. പിന്നീട് എല്ലാം കോഹ്‌ലിയുടെ ഇഷ്‌ടത്തിനാണ് സംഭവിച്ചത്.
മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡിനെ പുറത്താക്കി 450 റണ്‍സ് ലീഡ് നേടാനായിരിക്കും കോഹ്‌ലിയുടെ നീക്കം. മൂന്നാം ദിനം മുഴുവന്‍ ബാറ്റിംഗ് ചെയ്യാനാകും ഇന്ത്യ ആഗ്രഹിക്കുക. നാലാം ദിനം ആദ്യ സെഷനില്‍ തന്നെ ഡിക്ലയര്‍ ചെയ്യുകയും തുടര്‍ന്ന് സ്‌പിന്‍ ബോളര്‍മാരെ മുന്നില്‍ നിര്‍ത്തി കിവിസ് വിക്കറ്റ് വീഴ്‌ത്തി ജയം സ്വന്തമാക്കുക എന്ന തന്ത്രവുമായിരിക്കും ഇന്ത്യന്‍ നായകന്‍ പുറത്തെടുക്കുക.