അഭിറാം മനോഹർ|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2024 (18:40 IST)
ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം 14ന് ബ്രിസ്‌ബേനിലെ ഗാബയില്‍ തുടങ്ങാനിരിക്കെ കഴിഞ്ഞ മത്സരത്തില്‍ മധ്യനിരയില്‍ കളിച്ച രോഹിത് ശര്‍മ ഓപ്പണറായി തിരിച്ചെത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ തിളങ്ങാന്‍ കെ എല്‍ രാഹുല്‍- യശ്വസി ജയ്‌സ്വാള്‍ ഓപ്പണിംഗ് ജോഡിയ്ക്കായിരുന്നു. ഇതിനെ തുടര്‍ന്നാണ് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഓപ്പണിംഗില്‍ ഇന്ത്യ മാറ്റങ്ങള്‍ക്ക് മുതിരാതിരുന്നത്.
എന്നാല്‍ അഡലെയ്ഡ് ടെസ്റ്റില്‍ ഓപ്പണിംഗ് സഖ്യം നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയപ്പോള്‍ മധ്യനിരയിലേക്ക് ഇറങ്ങിയ രോഹിത് ശര്‍മയ്ക്കും തിളങ്ങാനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് രോഹിത് ഓപ്പണറായി തന്നെ തിരികെയെത്തണമെന്ന് രവി ശാസ്ത്രി ഉള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഗാബ ടെസ്റ്റിന് മുന്നോടിയായ പരിശീലന സെഷനുകളിലെല്ലാം കഴിഞ്ഞ 2 ടെസ്റ്റുകളിലെ ബാറ്റിംഗ് ഓര്‍ഡറിന് സമാനമായാണ് താരങ്ങള്‍ പരിശീലനം നടത്തിയത്. രാഹുലും ജയ്‌സ്വാളും ആദ്യം പരിശീലനം നടത്തിയപ്പോള്‍ റിഷഭ് പന്തും രോഹിത് ശര്‍മയും ഗില്‍, കോലി എന്നിവര്‍ക്ക് ശേഷമാണ് പരിശീലനം നടത്തിയത്. വിരാട് കോലി കൂടുതല്‍ സമയവും ബാക്ക് ഫൂട്ടിലാണ് പരിശീലനം നടത്തിയത്.