അഭിറാം മനോഹർ|
Last Modified തിങ്കള്‍, 9 ഡിസംബര്‍ 2024 (12:51 IST)
പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ ബഹിഷ്‌കരിച്ച് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ട് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി. കറാച്ചിയില്‍ നടന്ന ഉറുദു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി.
പാകിസ്ഥാനില്‍ 2025ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കില്ലെന്നും പകരം ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പിസിബിയും ഈ നിലപാട് അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഫ്രീദിയുടെ പ്രതികരണം. പാകിസ്ഥാന്‍ ക്രിക്കറ്റ് ശക്തവും സ്വയം പര്യാപ്തവുമായിരിക്കണം. ഇന്ത്യയ്ക്ക് പാകിസ്ഥാനില്‍ കളിക്കാനാവില്ലെങ്കില്‍ പാകിസ്ഥാനും ഇന്ത്യയില്‍ പോയി കളിക്കേണ്ടതില്ല. അഫ്രീദി പറഞ്ഞു.