അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (19:20 IST)
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം. ലോർഡ്‌സിലെ വിജയത്തോടെ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. തോൽവിയുടെ വക്കിൽ നിന്നും വിജയം പിടിച്ചുവാങ്ങിയ ഇന്ത്യൻ നിര പൂർണമായ ആത്മവിശ്വാസത്തോടെയായിരിക്കും നാളെ കളിക്കളത്തിൽ ഇറങ്ങുക.
വിജയിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ
ഇന്ത്യ വരുത്താൻ സാധ്യതയില്ല. ടീമിലെ മധ്യനിര താരങ്ങളായ വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ഫോം തലവേദന സൃഷ്ടിക്കുന്നതാണെങ്കിലും ഇവർക്ക് പകരക്കാരെ തേടാൻ സാധ്യത കുറവാണ്. ലീഡ്‌സിലെ പിച്ചിൽ അവസാന രണ്ട് ദിനം ടേൺ ലഭിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
അങ്ങനെയെങ്കിൽ ജഡേജയ്ക്ക് പകരം ആർ അശ്വിൻ ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഇറങ്ങിയേക്കും.മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം മികച്ച ഫോമിലാണുള്ളത് എന്നതാണ് ഇന്ത്യൻ സാധ്യതകളെ വർധിപ്പിക്കുന്നത്. കൂടാതെ ഓപ്പണർമാരായ കെഎൽ രാഹുൽ-രോഹിത് ശർമ കൂട്ടുക്കെട്ടും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്.
അതേസമയം ഇംഗ്ലണ്ട് നിരയിൽ പരിക്കേറ്റ മാർക്ക് വുഡ് മൂന്നാം ടെസ്റ്റിൽ കളിക്കില്ല. ഇംഗ്ലണ്ട് ഓപ്പണറായി ഡെവിഡ് മലാൻ 3 വർഷങ്ങൾക്ക് ശേഷം നാളെ കളത്തിലിറങ്ങും. മാച്ച് വിന്നറായ ബെൻ സ്റ്റോക്‌സിന്റെ അഭാവത്തിൽ ഇംഗ്ലൻട് ബാറ്റിങ് നിരയുടെ ഉത്തരവാദിത്തം ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ തോളിലാണ്.