ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 7 ഡിസംബര്‍ 2016 (20:08 IST)
ടെസ്‌റ്റ് മത്സരങ്ങള്‍ക്കിടെ ലഭിക്കുന്ന ഇടവേള ടീമിനു ഏറെ ഗുണം ചെയ്യുമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നും നാലും മത്സരങ്ങൾക്കിടയിലുള്ള എട്ടു ദിവസത്തെ ഇടവേള മുൻ മത്സങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്താനും പുതിയ തന്ത്രങ്ങൾ മെനയുന്നതിനും ടീമിനെ സഹായിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരങ്ങളുടെ നീണ്ട പട്ടികയാണ് ഇനി ഇന്ത്യക്കുള്ളത്. അതിനിടയിൽ ഇത്തരത്തിൽ ലഭിക്കുന്ന ഇടവേളകൾ ആശ്വാസമാണ്. ടീമംഗങ്ങളോ മറ്റാരെങ്കിലുമോ ആവശ്യപ്പെട്ടിട്ടല്ല ഇത്ര ദിവസത്തെ ഇടവേള നൽകി മത്സരം സംഘടിപ്പിച്ചതെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
വ്യാഴാഴ്‌ചയാണ് പരമ്പരയിലെ നാലാം മത്സരം ആരംഭിക്കുന്നത്. നാലാം മത്സരത്തിനുള്ള ടീമിൽ യുവതാരം മനീഷ് പാണ്ഡെയെ ഉൾപ്പെടുത്തി. പരുക്കേറ്റ ബാറ്റസ്മാൻ അജിങ്ക്യ രഹാനെയ്ക്കു പകരമാണ് പാണ്ഡെയെ ടീമിൽ ഉൾപ്പെടുത്തിയത്.
പരിശീലനത്തിനിടയിലാണ് രഹാനയുടെ കൈക്ക് പരുക്കേറ്റത്. കൈയിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചതിനാല്‍ കൂടുതല്‍ ചികിത്സ ആവശ്യമാണ്. ഇതിനാല്‍ വരും ടെസ്‌റ്റ് മത്സരങ്ങളില്‍ രഹാനെ കളിക്കില്ല.
പേസർ ഷർദൂൽ താക്കൂറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരിക്കേറ്റ വൃദ്ധിമാൻ സാഹയ്ക്കു പകരം കഴിഞ്ഞ മത്സരത്തിൽ കളിച്ച വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ പാർഥിവ് പട്ടേലിനെ ടീമിൽ നിലനിർത്തി.