അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 19 ജനുവരി 2021 (13:37 IST)
32 വർഷമായി ഓസീസ് തോവി അറിയാത്ത ഗാബയിൽ ഇന്ത്യൻ വിജയം. ഓസീസിനെതിരെയുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 36 റൺസിന് തകർന്നടിഞ്ഞ ടീമാണ് ഓസീസ് ഒരിക്കലും തോൽക്കില്ലെന്ന് അഹങ്കരിച്ചിരുന്ന ഗാബയിൽ നിന്നും വിജയം പിടിച്ചുവാങ്ങിച്ചത്.
ആദ്യമത്സരം മുതൽ പരിക്കുകൾ വേട്ടയാടിയ പ്രധാനതാരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഇല്ലാതെയിറങ്ങിയ ചരിത്രത്തിലെ ഏറ്റവും ദുർബലമായ ഇന്ത്യൻ നിരയാണ് കരുത്തരായ ഓസീസിനെ അവരുടെ അഹങ്കാരമായ തട്ടകത്തിൽ പരാജയപ്പെടുത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റ് സീരീസിൽ കളിക്കാൻ ഇറങ്ങിയ മുഹമ്മദ് സിറാജ് നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ ഏറ്റവും സീനിയറായ ബൗളറാണ്. എന്നത് മാത്രം മതി എത്ര ദുർബലമായ നിരയുമായാണ് ഇന്ത്യ ഓസീസ് എന്ന ഗോലിയാത്തിനെ തോൽപ്പിച്ചതെന്ന് മനസിലാക്കാൻ.
കോലിയില്ലാത്ത ഇന്ത്യയെ 4-0ന് പറപറത്തുമെന്ന് പ്രവചിച്ച ക്രിക്കറ്റ് വിദഗ്‌ധരുടെ വായടപ്പിച്ച പ്രകടനം. ഒരു താരം നിറം മങ്ങുമ്പോൾ മറ്റൊരു താരം കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ അന്യം നിന്ന കാഴ്‌ച്ച. വെറും രണ്ടാം നിര ടീമുമായി ഇറങ്ങി അടങ്ങാത്ത വിജയദാഹം കാഴ്ച്ചവെച്ച ടീം. ഇന്ത്യയുടെ ഇതിഹാസജയത്തെ വിശേഷിപ്പിക്കാൻ ഭാവിയിൽ ക്രിക്കറ്റ് വിദഗ്‌ധർക്ക് വാക്കുകൾ പോരാതെ വന്നേക്കാം.
അഡലെയ്‌ഡിൽ സംഭവിച്ച ആദ്യ തോൽവിയിൽ നിന്നും തിരിച്ചു കയറുക തന്നെ പ്രയാസമായ ടീമാണ് രണ്ടാം നിരയുമായി ഓസീസിനെ അടിയറവ് പറയിച്ചിരിക്കുന്നത്. ഇതിനിടെയിൽ ഒട്ടേറെ പരിക്കുകൾ, വിവാദങ്ങൾ. സിഡ്‌നിയിൽ ജയത്തിലേക്ക് നീങ്ങവെ പുറത്തായ ഋഷഭ് പന്താണ് ഗബ്ബയിൽ ഓസീസിനെതിരെ വിജയതീരത്തിലേക്ക് അടുപ്പിച്ചത്. ജയത്തോട് അടുക്കവെ വാഷിങ്‌ടൺ സുന്ദർ, ശാർദൂൽ താക്കൂർ എന്നിവരുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് വിജയം പിടിച്ചുവാങ്ങാൻ പന്ത് ഉണ്ടായിരുന്നു. ഇത് ചരിത്രം. ക്രിക്കറ്റ് ഉള്ളിടത്തോളം വാഴ്‌ത്തലുകൾ കേൾക്കാൻ പോകുന്ന സീരീസ്.