അഭിറാം മനോഹർ|
Last Modified വെള്ളി, 11 ഓഗസ്റ്റ് 2023 (17:28 IST)
യുവരാജ് സിംഗ് വിരമിച്ചതിന് ശേഷം ഏകദിന ക്രിക്കറ്റില്‍ നാലാം നമ്പര്‍ സ്ഥാനത്തേക്ക് സ്ഥിരമായി മറ്റൊരു താരത്തെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടീമിന്റെ നാലാം നമ്പര്‍ സ്ഥാനം വളരെക്കാലമായി ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമാണ്. യുവിക്ക് ശേഷം ആരും സ്ഥിരമായി നാലാം നമ്പര്‍ സ്ഥാനം സ്വന്തമാക്കിയിട്ടില്ല. ശ്രേയസ് അയ്യര്‍ മാത്രമാണ് നാലാം നമ്പറില്‍ സ്ഥിരത കാണിച്ചിട്ടുള്ളത്. അവന്‍ നാലാം നമ്പറില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. അവന്റെ പ്രകടനങ്ങളും മികച്ചതാണ്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവനെ പരിക്കുകള്‍ ബുദ്ധിമുട്ടിക്കുകയാണ്. അവന്‍ കുറച്ചുകാലമായി പുറത്താണ്. സത്യസന്ധമായി പറഞ്ഞാല്‍ കഴിഞ്ഞ 4-5 വര്‍ഷമായി ഇതാണ് സംഭവിക്കുന്നത്. പലര്‍ക്കും പരിക്കായതിനാല്‍ ആ സ്ഥാനത്തേക്ക് സ്ഥിരമായി ഒരാളെ കണ്ടെത്താനാകുന്നില്ല. രോഹിത് പറഞ്ഞു. ലോകകപ്പ് നടക്കാന്‍ ഇനി രണ്ട് മാസങ്ങള്‍ മാത്രമെ ബാക്കിയുള്ളു എന്നിരിക്കെ ഇപ്പോഴും നാലാം നമ്പറില്‍ ഒരു സ്ഥിരതാരത്തെ കണ്ടെത്താനായിട്ടില്ല എന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ്. 2019ലെ ലോകകപ്പിലെ ഇന്ത്യന്‍ പരാജയത്തിലും നാലാം നമ്പര്‍ സ്ഥാനത്ത് മികച്ച കളിക്കാരന്‍ ഇല്ലാത്തത് ടീമിന് തിരിച്ചടിയായിരുന്നു.