അടിയോടടി, കോഹ്‌ലിയും ശാര്‍ദ്ദൂലും പാണ്ഡെയും മിന്നി; സഞ്‌ജു മിന്നിപ്പൊലിഞ്ഞു !

India, Srilanka, Virat Kohli, Sanju Samson, ഇന്ത്യ, ശ്രീലങ്ക, വിരാട് കോഹ്‌ലി, സഞ്‌ജു സാംസണ്‍
ഷം‌ന ഹുസൈന്‍| Last Modified വെള്ളി, 10 ജനുവരി 2020 (21:31 IST)
മൂന്നാം ട്വന്‍റി20യില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍‌മാരുടെ പൂണ്ടുവിളയാട്ടം. ലങ്കയുടെ മലിംഗയുള്‍പ്പെടുന്ന ബൌളിംഗ് നിരയെ തല്ലിത്തകര്‍ത്ത് നിലം‌പരിശാക്കി വിരാട് കോഹ്‌ലിയും കൂട്ടരും. 20 ഓവര്‍ ബാറ്റ് ചെയ്ത് 201 റണ്‍സ് കുറിച്ചാണ് ലങ്കയ്ക്ക് ഇന്ത്യന്‍ പുലിക്കുട്ടികള്‍ വെല്ലുവിളി ഉയര്‍ത്തിയത്.

ഓപ്പണര്‍മാരായ കെ എല്‍ രാഹുലും ശിഖര്‍ധവാനും ശ്രീലങ്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. ഔട്ട് ഓഫ് ഫോം ആയ ധവാന്‍ നല്‍കിയ അവസരങ്ങള്‍ ലങ്കന്‍ ഫീല്‍ഡര്‍മാര്‍ പാഴാക്കിയതും ഇന്ത്യയ്ക്ക് ഗുണമായി. 36 പന്തുകളില്‍ 52 റണ്‍സാണ് ധവാന്‍ കുറിച്ചത്. അതില്‍ ഏഴ് ബൌണ്ടറികളും ഒരു സിക്സറും ഉള്‍പ്പെടും.

മിനിമം ഗ്യാരണ്ടി ഓപ്പണറായ കെ എല്‍ രാഹുല്‍ ഇന്നും മിന്നുന്ന ഫോമിലായിരുന്നു. 36 പന്തുകളില്‍ നിന്ന് രാഹുല്‍ 54 റണ്‍സെടുത്തു. അഞ്ച് ബൌണ്ടറിയും ഒരു സിക്സറും. വണ്‍ ഡൌണ്‍ ആയിറങ്ങിയ കേരളത്തിന്‍റെ അഭിമാനം സഞ്‌ജു സാംസണ്‍ ആദ്യ പന്തില്‍ തന്നെ സിക്‍സ് പായിച്ചു. എന്നാല്‍ ആ തുടക്കം അധികം നീണ്ടില്ല. നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി സഞ്‌ജു പുറത്തായി.

തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ മനീഷ് പാണ്ഡെയും വിരാട് കോഹ്‌ലിയും എത്തിയതോടെ കാര്യങ്ങള്‍ വീണ്ടും ചൂടുപിടിച്ചു. 17 പന്തുകള്‍ നേരിട്ട കോഹ്‌ലി രണ്ട് ബൌണ്ടറിയും ഒരു സിക്‍സറും പറത്തി 26 റണ്‍സെടുത്തു. മനീഷ് പാണ്ഡേ 31 റണ്‍സെടുക്കാന്‍ നേരിട്ടത് വെറും 18 പന്തുകളാണ്. നാല് ബൌണ്ടറികളാണ് പാണ്ഡേ നേടിയത്. എന്നാല്‍ ശരിക്കും ലങ്ക വെള്ളം കുടിച്ചുപോയത് ശാര്‍ദ്ദുല്‍ താക്കൂറിന് മുന്നിലാണ്. വെറും എട്ട് പന്തുകളില്‍ നിന്ന് 22 റണ്‍സാണ് താക്കൂര്‍ സ്വന്തമാക്കിയത്. രണ്ട് പടുകൂറ്റന്‍ സിക്‍സറുകളും ഒരു ബൌണ്ടറിയുമാണ് താക്കൂര്‍ നേടിയത്. സ്കോര്‍ ഇരുന്നൂറും കടന്ന് കുതിക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :