മുംബൈ|
Last Modified ശനി, 9 ഫെബ്രുവരി 2019 (20:35 IST)
ആരാണ് മികച്ച ബാറ്റ്‌സ്മാന്‍? വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മയോ? എത്രസമയം വേണമെങ്കിലും പരസ്പരം വാദിക്കാനും തര്‍ക്കിക്കാനും പറ്റിയ വിഷയമാണ് ഇത്. മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍ എന്ന് ചോദിക്കുന്നതുപോലെ.
എന്തായാലും സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിംഗ് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ കഴിവുള്ളത് രോഹിത് ശര്‍മയ്ക്ക് തന്നെ എന്നാണ് ഹര്‍ഭജന്‍ വ്യക്തമാക്കിയിരിക്കുന്നത്.
“കുഴപ്പിക്കുന്ന ഒരു ചോദ്യമാണിത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഉഗ്രന്‍ കളിക്കാരാണ്. ഇരുവരും മാച്ച് വിന്നേഴ്സുമാണ്. അവര്‍ ക്ലാസ് കളിക്കാരാണ്, അവരുടെ കളിയുടെ മഹത്വം അവര്‍ സ്ഥാപിച്ചിട്ടുള്ള റെക്കോര്‍ഡുകളില്‍ നിന്ന് വ്യക്തവുമാണ്. അതിഗംഭീരമായ പ്രതിഭയുള്ള വ്യക്തിയാണ് രോഹിത് ശര്‍മ. കഠിനാധ്വാനം ചെയ്ത് ഏത് തലം വരെയും പോകാന്‍ മടിയില്ലാത്തയാളാണ് വിരാട് കോഹ്‌ലി” - ഹര്‍ഭജന്‍ പറയുന്നു.
“ഒരുപക്ഷേ, രോഹിത് ശര്‍മയോളം പ്രതിഭയും കഴിവുമില്ലാത്ത കളിക്കാരനായിരിക്കും കോഹ്‌ലി. പക്ഷേ കോഹ്‌ലിയുടെ കഠിനാധ്വാനവും പാഷനുമാണ് അദ്ദേഹത്തെ ഇന്നത്തെ സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാണ് ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ എന്ന് പറയുക ബുദ്ധിമുട്ടാണ്.
രണ്ടുപേരും ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നതാണ് പ്രധാനം” - ഹര്‍ഭജന്‍ വ്യക്തമാക്കി.
ട്വന്‍റി20യില്‍ 100 സിക്സറുകള്‍ അടിച്ച ഏക ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ രോഹിത് ശര്‍മയാണ്. ട്വന്‍റി20യില്‍ നാല് സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച ലോകത്തിലെ ഏക ബാറ്റ്‌സ്മാനും ഹിറ്റ്‌മാന്‍ തന്നെയാണ്.