പരിക്കേൽക്കുമെന്ന് പറഞ്ഞ് മാറിനിൽക്കാനാവില്ല, എല്ലാ കളിക്കാരും എല്ലാ ഫോർമാറ്റും കളിക്കണം: ഗൗതം ഗംഭീർ

അഭിറാം മനോഹർ| Last Modified വെള്ളി, 12 ജൂലൈ 2024 (20:20 IST)
പരിക്കിന്റെ പേരിലോ ജോലിഭാരത്തിന്റെ പേരിലോ താരങ്ങള്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള പ്രതിഭയുണ്ടെങ്കില്‍ ആ കളിക്കാരന്‍ ഭയമില്ലാതെ തന്നെ രാജ്യത്തിനായി എല്ലാ ഫോര്‍മാറ്റും കളിക്കണമെന്നാണ് തന്റെ നയമെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നിലവില്‍ ഏകദിനങ്ങളിലും ടി20യിലും മാത്രമാണ് കളിക്കുന്നത്. ഗംഭീറിന്റെ ഈ മുന്നറിയിപ്പ് ഹാര്‍ദ്ദിക്കിനെ ലക്ഷ്യമിട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഒരു കളിക്കാരന്‍ കഴിയുമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാകണമെന്ന പക്ഷക്കാരനാണ്. പരിക്കുകള്‍ ഒഴിവാക്കാന്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്നോ മത്സരങ്ങളില്‍ നിന്നോ വിട്ടുനില്‍ക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കളിക്കുമ്പോള്‍ പരിക്കൊക്കെ സംഭവിക്കും. അതിനെ അതിജീവിക്കുകയും
ചെയ്യും. അത് ലളിതമാണ്. കാരണം നിങ്ങള്‍ രാജ്യാന്തര ക്രിക്കറ്റാണ് കളിക്കുന്നത്. നിങ്ങള്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നവരോട് ചോദിച്ചു നോക്കു. അവരാരും വൈറ്റ് ബോള്‍ ബൗളറെന്നോ റെഡ് ബോള്‍ ബൗളറെന്നോ മുദ്രകുത്തപ്പെടാന്‍ ആഗ്രഹിക്കാത്തവരാണ്.


പരിക്കുകള്‍ ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. മതിയായ ചികിത്സയും വിശ്രമവും കഴിഞ്ഞ് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരികെ വരിക. ഏതെങ്കിലും കളിക്കാരനെ ടെസ്റ്റിലോ, ഏകദിനത്തിലോ മാറ്റി നിര്‍ത്തുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. പ്രഫഷണല്‍ ക്രിക്കറ്റെന്ന കരിയര്‍ കുറഞ്ഞ കാലം മാത്രമാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. ആ സമയം പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക. ഗംഭീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :