ഫിറ്റ്നസാണ് പ്രശ്നമെങ്കിൽ രോഹിത്തും സ്വഭാവമാണ് പ്രശ്നമെങ്കിൽ കോലിയും എങ്ങനെ ടീമിൽ ഇടം നേടി?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ജൂണ്‍ 2023 (20:20 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഏറ്റ തോല്‍വിയെ തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,രോഹിത് ശര്‍മ,അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങളെല്ലാം തന്നെ കരിയറിന്റെ അവസാനഘട്ടത്തിലാണ് എന്നതിനാല്‍ യുവതാരങ്ങളെ കേന്ദ്രീകരിച്ച് ടെസ്റ്റ് ടീമിലും അഴിച്ചുപണി നടത്തേണ്ടത് ബിസിസിഐയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്.

ഇതിന്റെ ഭാഗമായി യശ്വസി ജയ്‌സ്വാള്‍,റുതുരാജ് ഗെയ്ക്ക്വാദ് എന്നീ യുവതാരങ്ങളെ ഇന്ത്യ വിന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷമായി രഞ്ജി ക്രിക്കറ്റില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം നടത്തുന്ന സര്‍ഫറാസ് ഖാനെ ബിസിസിഐ ടീമിലേക്ക് പരിഗണിക്കുക കൂടി ചെയ്തില്ല. സര്‍ഫറാസ് ഫിറ്റ്‌നസില്ലാത്ത താരമാണെന്നും അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് താരത്തിന്റേതും എന്നുള്ള ന്യായമാണ് ബിസിസിഐ നല്‍കിയത്. സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പടെയുള്ള മുന്‍ താരങ്ങളെല്ലാം ബിസിസിഐയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ബിസിസിഐ സര്‍ഫറാസിനെ പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. സര്‍ഫറാസ് ഖാന്റെ ഫിറ്റ്‌നസിനെ പറ്റി പറയുന്നവര്‍ രോഹിത് ശര്‍മയെ ജിമ്മില്‍ പൂട്ടിയിട്ട് ഫിറ്റ്‌നസ് എന്നാല്‍ എന്താണെന്ന് പറഞ്ഞുകൊടുക്കണമെന്ന് ആരാധകര്‍ പറയുന്നു. സെഞ്ചുറി അടിക്കാന്‍ 100 പുഷ് അപ്പ് എടുക്കുമോ എന്നാണോ മാനദണ്ഡമെന്നും ആരാധകര്‍ ചോദിക്കുന്നു. പെരുമാറ്റത്തിന് സര്‍ഫറാസിനെ കുറ്റം പറയുന്ന ഇന്ത്യന്‍ ടീമില്‍ തന്നെയാണ് കോലി ഇതിഹാസമായി വളര്‍ന്നതെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :