അഭിറാം മനോഹർ|
Last Updated:
ബുധന്‍, 9 മാര്‍ച്ച് 2022 (18:28 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതെത്തി രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരായ ഐതിഹാസികമായ പ്രകടനത്തോടെ രണ്ട് സ്ഥാനങ്ങൾ ഉയർന്നാണ്
ജഡേജ തലപ്പത്തെത്തിയത്. അതേസമയം വിൻഡീസിന്റെ ജേസൺ ഹോൾഡറും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ഓരോ സ്ഥാനങ്ങൾ താഴേക്കിറങ്ങി. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനാണ് നാലാം സ്ഥാനത്ത്.
മൊഹാലി ടെസ്റ്റിൽ ജഡേജ 228 പന്തില്‍ പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌തിരുന്നു. ഈ നേട്ടമാണ് താരത്തിന്റെ റാങ്കിങിൽ പ്രതിഫലിച്ചത്.മെഹാലിയില്‍ വേഗത്തില്‍ 96 റണ്‍സ് സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തിലെത്തി. അതേസമയം രണ്ട് സ്ഥാനങ്ങളുയര്‍ന്ന് വിരാട് കോലി ആദ്യ അഞ്ചില്‍ മടങ്ങിയെത്തി.
ഓസീസിന്റെ മാർനസ് ലബുഷെയ്‌ൻ ഒന്നാമതുള്ള പട്ടികയിൽ ജോ റൂട്ട്, സ്റ്റീവ് സ്‌മിത്ത്, കെയ്‌ന്‍ വില്യംസണ്‍ എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ.ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ആറാം സ്ഥാനത്ത്.
ബൗളര്‍മാരില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും ഇന്ത്യയുടെ രവിചന്ദ്ര അശ്വിനും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നിലനിര്‍ത്തി.ജസ്‌പ്രീത് ബുമ്ര പട്ടികയിൽ പത്താം സ്ഥാനത്താണ്.